ഇടുക്കി: ജില്ലയിലെ ഭൂമിപ്രശ്‌നം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു.
17ന് രാവിലെ 10.30 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിലാണ് യോഗം ഇത് സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രി നിയമസസയിൽ പി. റെ. ജോസഫിന്റെ അടിയന്തിര പ്രമേയത്തിന് മറുപടിയായി സർവ്വകക്ഷിയോഗതീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.ഇടുക്കിയെ മാത്രം ടാർജറ്റ് ചെയ്തുള്ളതാണ് ഉത്തരവെന്നാണ് പരക്കെ ആക്ഷപം ഉയർന്നിരുന്നത്. മറ്റ് പതിമൂന്ന് ജില്ലകൾക്കും ബാധകമല്ലാത്ത നിയമം ഇടുക്കിക്ക്മാത്രമായി എന്തിന് നടപ്പിലാക്കുന്നുവെന്ന ചോദ്യമാണ് ഉയർന്നിരുന്നത്. ഉത്തരവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും , യു. ഡി. എഫും വെവ്വേറെ ഹർത്താൽ നടത്തിയിരുന്നു. ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സാമുദായിക സംഘടനകളുമടക്കം സമസ്ഥ മേഖലകളിൽനിന്നും ആക്ഷപം ഉയയർന്നിരുന്നു.
വിവാദ ഉത്തരവ്
ആഗസ്റ്റ് 22 ന് ഇറങ്ങിയ സർക്കാർ ഉത്തരവനുസരിച്ച് 1500 ചതുരശ്ര അടിയിൽ താഴെയുള്ളതും 15 സെന്റിൽ താഴെ ഭൂമിയിൽ പണിതിട്ടുള്ളതുമായ കെട്ടിടങ്ങൾ ഉടമകൾക്ക് ക്രമപ്പെടുത്തി കൊടുക്കണമെങ്കിൽ ആ കെട്ടിടം മാത്രമാണ് സ്വന്തമായുള്ളതെന്നും ഏക ഉപജീവന മാർഗമാണെന്നും സംസ്ഥാനത്ത് മറ്റൊരിടത്തും ഭൂമിയില്ലെന്നും തെളിയിക്കണം. 25-09-2019 ൽ ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള ഉത്തരവ് പ്രകാരം ഭൂമി പതിവ് ചട്ടം 4 പറയുന്ന പ്രകാരം ഭൂവിനിയോഗത്തിന് അനുമതിയില്ല എന്ന കാരണത്താൽ വീടുകളല്ലാതെ യാതൊരുവിധ കെട്ടിടങ്ങളും ജില്ലയിൽ നിർമ്മിക്കാൻ സാധിക്കില്ല. ഒക്ടോബർ 14ന് ഇറക്കിയ പുതിയ ഉത്തരവിൽ കെട്ടിടത്തിന് അനുമതി ലഭിക്കുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതിപത്രം വാങ്ങണമെന്നുള്ളത് മൂന്നാർ ഉൾപ്പെടുന്ന എട്ട് വില്ലേജുകളിൽ (ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൻവാലി )മാത്രമായി ചുരുക്കിയിട്ടുണ്ട്. മറ്റൊന്ന് വാഗമൺ, ഇടുക്കി പ്രദേശത്ത് മാത്രമാക്കി അനുമതിപത്രം വാങ്ങണമെന്നത് ചുരുക്കി. ഇത്തരം മാറ്റങ്ങൾ ഉത്തരവിൽ വരുത്തിയതുകൊണ്ട് ജില്ലയിലെ ഭൂവിനിയോഗനയത്തിൽ യാതൊരു മാറ്റവും ഉണ്ടായില്ല.. നിരോധനങ്ങളും വീടല്ലാതെ പണിതിട്ടുള്ള വാണിജ്യസമുച്ചയങ്ങൾ, ആരാധനാലയങ്ങൾ, പെട്രോൾ പമ്പുകൾ, ആഡിറ്റോറിയങ്ങൾ, സ്റ്റേഡിയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ഗ്രന്ഥശാലകൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയവയെല്ലാം അനധികൃതമാണെന്നതും അവയെല്ലാം സർക്കാർ പിടിച്ചെടുക്കുമെന്നതുമായ ഉത്തരവ് പിൻവലിക്കപ്പെട്ടിട്ടില്ല.