തൊടുപുഴ: മുടിവെട്ടിയത് കൂടിപ്പോയതിന്റെ പേരില്‍ പിതാവിനെ കയറ്റാതെ 12 കാരന്‍ കാര്‍ അകത്ത് നിന്ന് പൂട്ടി പ്രതിഷേധിച്ചു. പൊലിസ് നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് ഡോര്‍ തുറക്കാനായത്. ഇന്നലെ വൈകിട്ട്അഞ്ച് മണിയോടെയാണ് സംഭവം. പിതാവും മൂന്ന് മക്കളും കടയില്‍ മുടിവെട്ടാന്‍ എത്തിയതായിരുന്നു. മുടി വെട്ടിയ ശേഷം കുട്ടികളെ വാഹനത്തിലിരുത്തി പിതാവ് സമീപത്തെ കടയില്‍ പോയി. തിരിച്ചെത്തിയപ്പോള്‍ പിന്‍സീറ്റിലിരുന്ന 12 വയസുകാരന്‍ കാറിന്റെ ഡോര്‍ തുറക്കാന്‍ തയ്യാറായില്ല. ഗത്യന്തരമില്ലാതെ വന്നതോടെ പിതാവ് പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസ് എത്തി ഏറെ നേരം സംസാരിച്ച ശേഷമാണ് കുട്ടി കാറിന്റെ ലോക്ക് മാറ്റാന്‍ തയ്യാറായത്. മുടിവെട്ടിയപ്പോള്‍ അളവ് കൂടിപ്പോയതാണ് പ്രശ്‌നമായത്. കുട്ടിയെ കൗണ്‍സിലിങിന് കൊണ്ടുപോകാനായിരുന്നു പൊലിസിന്റെ ഉപദേശം.