മത്സരം സ്ത്രീ- ശിശു സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി
തൊടുപുഴ: സ്ത്രീ ശാക്തീകരണവും ശിശുസംരക്ഷണവും ലക്ഷ്യമിട്ട് ഇടുക്കി പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ, ശിശുക്ഷേമ സമിതി, ജി.ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ എന്നിവയുമായി സഹകരിച്ച് ക്രിക്കറ്റ് മത്സരം നടത്തുന്നു. എട്ടിന് രാവിലെ 10ന് തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള വനിതാ ടീമംഗങ്ങൾ ഉൾപ്പെടുന്ന കെ.സി.എ ഇലവനും ഇടുക്കി പ്രസ് ക്ലബ് ടീമും തമ്മിലാണ് മത്സരം. ജില്ലാ ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ ജോസഫ് അഗസ്റ്റ്യൻ മത്സരം ഉദ്ഘാടനം ചെയ്യും. തൊടുപുഴ നഗരസഭ ചെയർപേഴ്‌സൺ ജെസി ആന്റണി സമ്മാനദാനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഇടുക്കി പ്രസ്ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, കെ.സി.എ ജില്ലാ സെക്രട്ടറി ഇൻ ചാർജ് ബിജു പി.ആർ, ജി.ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ ജില്ലാ ഡയറക്ടർ നോബി സുദർശൻ എന്നിവർ പങ്കെടുത്തു.