തൊടുപുഴ: സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്നവർക്കുള്ള മസ്റ്ററിഗ് ചെയ്തവരുടെ എണ്ണം ജില്ലയിൽ ഒരു ലക്ഷം കവിഞ്ഞു. ഇതുവരെയുള്ള കണക്കനുസരിച്ച് 1,24,340 പേർ ജില്ലയിൽ മസ്റ്ററിംഗ് പൂർത്തിയാക്കി. ഇനി അമ്പതിനായിരത്തോളം പേർ മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട്. സംസ്ഥാനത്ത് തന്നെ രണ്ടാം സ്ഥാനമാണ് ജില്ലയ്ക്ക്. മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന തിയതി 15ന് അവസാനിക്കും. ഇനി 12 ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മസ്റ്ററിംഗ് ചെയ്തില്ലെങ്കിൽ തുടർന്ന് പെൻഷൻ ലഭിക്കില്ലെന്നതിനാലാണ് തിരക്കേറാൻ കാരണം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ജില്ലയിൽ മസ്റ്ററിംഗ് ചെയ്യേണ്ടതെങ്കിലും തിരക്ക് പരിഗണിച്ച് ഏകദേശം എല്ലാ ദിവസവും ചെയ്യുന്നുണ്ട്. സോഫ്‌റ്റ്‌വെയർ തകരാറും പലരുടെയും വിരലയാളം പതിക്കാനാവാതെ വരുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. കണ്ണ് സ്‌കാൻ ചെയ്യുന്നതിന് ഐറിസ് സംവിധാനം പല അക്ഷയകേന്ദ്രങ്ങളിലും ഇല്ല. ഇത്തരക്കാർക്ക് പഞ്ചായത്തുവഴി ചെയ്ത് നൽകുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഡ് തോറും മസ്റ്ററിങ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് ആശ്വാസകരമാണ്.

എന്താണ് മസ്റ്ററിംഗ് ?

എല്ലാത്തരം സാമൂഹ്യ പെൻഷനുകളും വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപെടുത്താൻ വേണ്ടിയാണ് മസ്റ്ററിംഗ്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് ഉപയോഗിച്ചോ ചെയ്യാം. ഇതിന് പണം നൽകേണ്ട. പെൻഷൻ വാങ്ങുന്ന വ്യക്തി നേരിട്ടെത്തണം. കിടപ്പുരോഗികളെ വീട്ടിൽ വന്ന് ചെയ്യും. ആധാറിലുള്ള വിരലടയാളവും മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നാകണം.

വേണ്ട രേഖകൾ

ആധാർ കാർഡ് നിർബന്ധം. അതില്ലാത്തവർ ഗസറ്റഡ് ഓഫീസറിൽ നിന്നോ വില്ലേജ് ഓഫീസറിൽ നിന്നോ ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി തദ്ദേശ ഭരണ സ്ഥാപനത്തിൽ നൽകണം. പെൻഷൻ ഐഡി കൂടി ഉണ്ടെങ്കിൽ നന്ന്.