
കുമാരമംഗലം: പ്ലാസ്റ്റിക് മുക്ത കടലോരങ്ങൾ എന്ന സന്ദേശത്തിന്റെ ഭാഗമായി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ചെറായി, മുനമ്പം തുടങ്ങിയ കടലോരങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു. കരയേയും, കടലിനേയും മലിനമാക്കുന്ന രീതിയിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്ന ശീലങ്ങളെ ബോധവൽക്കരിക്കുക എന്ന സന്ദേശം ഉൾകൊള്ളുന്ന ഫ്‌ളാഷ് മോബും കുട്ടികൾ അവതരിപ്പിച്ചു.ഫ്രൈഡേ ഫോർ ഫ്യൂച്ചർ എന്ന ആഗോളമുന്നേറ്റത്തിന്റെ ഭാഗമായി അനേകം പ്രവർത്തനങ്ങൾ സ്‌കൂൾ നടപ്പിൽ വരുത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് മുക്ത കടലോരം എന്ന സന്ദേശം സ്‌കൂൾ നൽകുന്നത്. കടലിലെ ജീവികളുടെ വംശനാശത്തിന് ഇടയാക്കുന്ന ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കുക എന്ന സന്ദേശമാണ് സ്‌കൂൾ പകർന്ന് നൽകുന്നത്. ഇതൊരു തുടർ പദ്ധതിയുടെ ഭാഗമാണെന്നും മലിനമായ മറ്റു കടലോരങ്ങളിലേക്കും ഈ സന്ദേശവും, പ്രവർത്തനവും വ്യാപിപ്പിക്കുവാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും അദ്ധ്യാപകർ അറിയിച്ചു.