തൊടുപുഴ: പൈനാപ്പിൾ കൃഷി തകർക്കാനായി സാമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനനടപടി വേണമെന്ന് വാഴക്കുളം കേന്ദ്രമായുള്ള പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാളിയാർ എസ്റ്റേറ്റിലെ പൈനാപ്പിൾ കൃഷിയിടത്തിൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നുവെന്ന രീതിയിൽ വണ്ണപ്പുറം സ്വദേശി കൃത്രിമമായുണ്ടാക്കിയ വീഡിയോ പ്രചരിപ്പിച്ചാണ് കൃഷിയെ തകർക്കുന്നത്. പൈനാപ്പിൾ കർഷകരെയും സംരംഭകരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിന് പിന്നിലെന്ന് അസോസിയേഷൻ ആരോപിച്ചു. അസോസിയേഷൻ മുൻ സെക്രട്ടറി നോബിൾ ജോണാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇദ്ദേഹത്തിൽ നിന്നും പണം തട്ടാനുള്ള ശ്രമങ്ങൾ നടക്കാതെ വന്നപ്പോഴാണ് കൃത്രിമ വീഡിയോ തയാറാക്കി പ്രചരിപ്പിക്കുന്നത്. വ്യാജപ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേരള കാർഷിക സർവകലാശാലയുടെ നിർദേശങ്ങൾ പാലിച്ചാണ് കർഷകർ പൈനാപ്പിൾ കൃഷി ചെയ്യുന്നത്. അഞ്ചു വർഷത്തിനിടയിൽ സർക്കാർ ലാബിൽ നിന്നുള്ള പരിശോധനാ ഫലങ്ങളിൽ പൈനാപ്പിൾ നൂറു ശതമാനവും സുരക്ഷിത പഴവർഗമാണെന്ന് തെളിഞ്ഞതാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പൈനാപ്പൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ജോർജ്, വൈസ് പ്രസിഡന്റ് ആന്റണി വി.പി, അസോസിയേഷൻ മുൻ സെക്രട്ടറി നോബിൾ ജോൺ, പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, സെക്രട്ടറി ജോസ് വർഗീസ് എന്നിവർ പങ്കെടുത്തു.