ഇടവെട്ടിയിലും മാലിന്യം, സബ് ജഡ്ജ് സ്ഥലം സന്ദർശിച്ചു

തൊടുപുഴ: തൊടുപുഴയാറ്റിലേക്ക് ദുർഗന്ധം നിറഞ്ഞ മലിന ജലം വ്യാപകമായി ഒഴുകിയെത്തുന്നത് തടയുന്നതിനും ഇടവെട്ടി പഞ്ചായത്ത് പ്രദേശത്തെ വിവിധ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കാൻ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിളള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.നഗരത്തിലെ വിവിധ വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ നിന്നുളള അതി രൂക്ഷമായ ദുർദന്ധം വമിക്കുന്ന മലിന ജലം ലക്ഷക്കണക്കിന് ആളുകൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന തൊടുപുഴയാറ്റിലേക്ക് ഒഴുകിയെത്തുന്നതായും ഇടവെട്ടി പഞ്ചായത്ത് പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ മാലിന്യം തളളിയിരിക്കുന്നതായും ജില്ലാ ഹരിത കേരള മിഷന് വ്യാപകമായി പരാതി ലഭിച്ചിരുന്നു.പരാതികൾ മേൽ നടപടികൾക്കായി ഹരിത കേരള മിഷൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് സമർപ്പിച്ചതിനെ തുടർന്ന് ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പരാതികൾ ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടികൾ.

പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ 11 മുതൽ തൊടുപുഴ നഗരസഭ - ഇടവെട്ടി പഞ്ചായത്ത് പ്രദേശങ്ങളിലായി നടത്തിയ പരിശോധനയിൽ ഒൻപത് സ്ഥലങ്ങളിലാണ് മാലിന്യ പ്രശ്നം സംഘം കണ്ടെത്തിയത്. നഗരസഭ പരിധിയിൽ നിന്നുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഓടകളിലൂടെ ആറ്റിലേക്ക് മലിന ജലം ഒഴുക്കി വിടുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകാൻ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർക്കും ഇടവെട്ടി പഞ്ചായത്ത്‌ പരിധിയിൽ മാലിന്യം തള്ളിയിരിക്കുന്നവർക്ക് നോട്ടീസ് നൽകാൻ പഞ്ചായത്ത്‌ സെക്രട്ടറിക്കും സബ് ജഡ്ജ് നിർദേശം നൽകി.ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ എം എൻ മനോഹർ, നഗര സഭ - ഇടവെട്ടി പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ, മാലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ് ഉദ്യോഗസ്ഥർ , ട്രാക്ക് ഭാരവാഹികൾ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

പരിശോധനയിൽ കണ്ടെത്തിയത്

:-നഗരസഭ പരിധിയിൽ ഗാന്ധി സ്ക്വയറിന് സമീപത്തുള്ള നഗരസഭ മാർക്കറ്റ്, കോതയ്ക്കുന്നു ബസ്റ്റാന്റ് , വിവിധ ആശുപത്രികൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, വീടുകൾ, ഹോസ്റ്റലുകൾ, ലോഡ്ജുകൾ ഇവടങ്ങളിൽ നിന്നുള്ള ദുർഗന്ധം നിറഞ്ഞ - പുഴുക്കൾ നിറഞ്ഞ മലിന ജലം പഴയ ബസ്റ്റാന്റ്, ടൗൺ ഹാൾ, പാപ്പൂട്ടി ഹാൾ ഇവക്ക് സമീപത്തുള്ള ഓടകളിലൂടെ വ്യാപകമായി ആറ്റിലേക്ക് ഒഴുകിയെത്തുന്നു.

*നഗരസഭ മാർക്കറ്റിൽ തുറസായ സ്ഥലത്ത് പ്ലാസ്റ്റിക്ക് കൂടുകൾ കൂട്ടിയിട്ട് കത്തിക്കുന്നതും പരിശോധനയിൽ കണ്ടെത്തി.

*ഇടവെട്ടി പഞ്ചായത്തിൽ പതിമൂന്നാം വാർഡിലെ വിവിധ സ്ഥലങ്ങൾ,എം വി ഐ പി കനാൽ റോഡ്,ഇടവെട്ടി ചിറ ഭാഗത്തുളള വിവിധ സ്ഥലങ്ങൾ ഇവിടങ്ങളിലെല്ലാം അനധികൃതമായി മാലിന്യം തളളിയിട്ടുണ്ട്.