തൊടുപുഴ: 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തിൽ 27, 28, 29 തീയതികളിൽ കൊല്ലത്ത് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക സമ്മേളനത്തിന്റെ വിളംബരവുമായെത്തിയ സന്ദേശ പ്രചരണ ജാഥയ്ക്ക് തൊടുപുഴയിൽ സ്വീകരണം നൽകി. തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ സമ്മേളനം അൽ- അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം. മൂസ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, വൈസ് ക്യാപ്ടൻ അബ്ദുസമദ് പൂക്കോട്ടൂർ എന്നിവരെ ജമാഅത്ത് ഭാരവാഹികളും സംഘടനാ നേതാക്കളും ഉപഹാരം നൽകിയും ഹാരാർപ്പണം നടത്തിയും സ്വീകരിച്ചു. യോഗത്തിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് എം.എസ്. ഹാഷിം ബാഖവി അദ്ധ്യക്ഷനായി. ഹൈദർ ഉസ്താദ് കുന്നം പ്രാർത്ഥന നിർവഹിച്ചു. സമസ്തയിലേക്ക് കടന്നുവന്ന നസ്‌റുദ്ദീൻ വണ്ണപ്പുറത്തിന് അബ്ദുസമദ് പൂക്കോട്ടൂർ മെമ്പർഷിപ്പ് കൈമാറി.