മൂന്നാർ: നെഹ്രു കുടുംബം പരമ്പരാഗത മോഷ്ടാക്കളാണെന്ന വിവാദ പരാമർശം നടത്തിയ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ കോലം കത്തിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേവികുളം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലാണ് കോലം കത്തിച്ചത്. മൂന്നാറിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്ററുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് ഓഫീസിൽ നിന്ന് പ്രകടനവുമായെത്തിയ പ്രവർത്തകർ മൂന്നാർ ടൗണിൽ എം.എൽ.എയുടെ കോലം കത്തിച്ചു. നെഹ്‌റു കുടുംബത്തെ അധിക്ഷേപിച്ച രാജേന്ദ്രൻ മാപ്പ് പറയണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കിൽ റോഡിൽ നടക്കാർ സമ്മതിക്കില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി. കുമാറും പറഞ്ഞു. സി. നെൽസൻ, മുകേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.