തൊടുപുഴ: മിനുട്‌സിൽ കൃത്രിമം കാണിച്ച് ഇടുക്കി ജില്ലാ റൈഫിൾ അസോസിയേഷന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ കേരള റൈഫിൾ അസോസിയേഷൻ സെക്രട്ടറി വി സി ജയിംസ് ഉൾപ്പെടെ നാലു ഭാരവാഹികൾക്കെതിരെ മുട്ടം പൊലീസ് കേസെടുത്തു. അസോസിയേഷൻ ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം ബോസ് ജോസഫിന്റെ പരാതിയിൽ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരമാണ് കേസ് രജിസ്ര്രർ ചെയ്തത്. ജയിംസിനെ കൂടാതെ വൈസ് പ്രസിഡന്റ് കെ കെ തോമസ്, ട്രഷറർ കെ എ ജോയി, ജോയിന്റ് സെക്രട്ടറി ജോസഫ് അഗസ്ര്ര്യൻ എന്നിവരും പ്രതികളാണ്. ഇവർ ഭാരവാഹികളായി ചുമതലയേറ്റതിനു ശേഷം അസോസിയേഷന്റെ മിനിട്‌സ് ബുക്കിൽ വ്യാപകമായി കൃത്രിമം നടത്തിയെന്നാണ് പരാതി.പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അസോസിയേഷനിലാണ് തട്ടിപ്പ് അരങ്ങേറിയതെന്നും പ്രതികൾക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. കബളിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളിലാണ് കേസെടുത്തതെന്ന് മുട്ടം എസ്‌ഐ ബൈജു പി ബാബു പറഞ്ഞു. പരാതിയിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.