മൂലമറ്റം: സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ക്ലീനർ ബെൽ അടിച്ചതിനെ തുടർന്ന് ബസിൽ നിന്നും വീണ് വിദ്യാർഥിനിക്ക് പരുക്കേറ്റു. അറക്കുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ചിറയ്ക്കൽ അഞ്ജന മനോജിനാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്‌കൂളിൽ പോകുന്നതിനായി തൊടുപുഴ മൂലമറ്റം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറിയ വിദ്യാർഥി സെന്റ് മേരീസ് സ്‌കൂളിനു മുമ്പിൽ ബസിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അപകടം. വിദ്യാർഥിനി ഇറങ്ങാൻ തുടങ്ങിയപ്പോൾ ക്ലീനർ ബെൽ അടിക്കുകയും ബസ് മുന്നോട്ട് എടുക്കുകയുമായിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥി ബസിൽ നിന്ന് താഴെ വീഴുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ അറക്കുളം ഗവ. ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.