കുമാരമംഗലം: മില്ലുംപടി ഭാഗത്ത് റോഡരികിൽ നിൽക്കുന്ന തെങ്ങ് വഴിയാത്രക്കാർക്ക് അപകട ഭീഷണീയാവുന്നു. തെങ്ങിന്റെ അടിഭാഗത്ത് ഒരു വശം ദ്രവിച്ച് പൊള്ളയായിട്ട് ഏറെ നാളുകളായി. ഓരോ ദിവസം കഴിയുന്തോറും അടിഭാഗം കൂടുതൽ ദ്രവിച്ച് തെങ്ങ് ഏത് നിമിഷവും കടപുഴകാമെന്ന അവസ്ഥയിലാണ്. തെങ്ങിന്റെ സമീപത്തായി ചുറ്റിലും താമസിക്കുന്ന വീട്ടുകാർക്കും ഇത് വഴി കടന്ന് പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്കും വാഹന യാത്രക്കാർക്കും ഏറെ ഭീഷണിയായ തെങ്ങ് മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുമാരമംഗലം പഞ്ചായത്ത് അധികൃതർക്ക് പ്രദേശ വാസികൾ പരാതി നൽകിയിരുന്നു. എന്നാൽ തെങ്ങ് പൊതുമരാമത്ത് റോഡിൽ നിൽക്കുന്നതായതിനാൽ ഇടപെടാൻ കഴിയില്ലെന്നായിരുന്നു മറുപടി. എത്രയും വേഗം അപകടത്തിലായ തെങ്ങ് മുറിച്ച്മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.