dog
ചെറുതോണി ടൗണിൽ വേസ്റ്റ് നിക്ഷേപിക്കുന്ന സ്ഥലത്തിനടുത്ത് റോഡിൽ തെരുവുനായ്ക്കൾ വിശ്രമിക്കുന്നു.

ചെറുതോണി: താമസിയാതെ വാഴത്തോപ്പ് പഞ്ചായത്ത് നായകളുടെ മാത്രം പഞ്ചായത്തായി മാറും. ഇപ്പോൾ തന്നെ ഇവിടെ നായകളുടെ എണ്ണം പൊതുജനങ്ങളേക്കാൾ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. നായ്ക്കൾ ഭൂരിപക്ഷമായതിനാലാകും ശല്യം രൂക്ഷമാണെന്ന് പരാതി പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കാൻ മടിക്കുകയാണ്. കൂട്ടമായെത്തുന്ന തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളായ ആട്, കോഴി, മുയൽ എന്നിവയെ എല്ലാം പിടിച്ചുകൊണ്ടുപോവുകയാണ്. ഇവ കൂട്ടമായെത്തി കുട്ടികളെയും ഉപദ്രവിക്കുന്നുണ്ട്. വാഴത്തോപ്പ് കൊക്കരക്കുളത്ത് കഴിഞ്ഞ 23ന് പേപ്പട്ടിയിറങ്ങി നിരവധി വളർത്തു മൃഗങ്ങളെ കടിക്കുകയും കൊല്ലുകയും ചെയ്തിരുന്നു. പേപ്പട്ടി ഓടി നടന്ന് മൃഗങ്ങളെ കടിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾ വീടിനുള്ളിൽ കയറി കതകടച്ചിരുന്നാണ് രക്ഷപ്പെട്ടത്. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ പേപ്പട്ടിയെ തല്ലികൊല്ലുകയായിരുന്നു. പിന്നീട് കടിയേറ്റ് വളർത്തുമൃഗങ്ങൾക്ക് മൃഗഡോക്ടറെത്തി കുത്തിവയ്പ് നൽകി. ഞായറാഴ്ചയും സമാനമായ രീതിയിൽ ഗാന്ധിനഗർ കോളനിയിലും ഒരു നായ ആക്രമാസക്തമായെത്തി. നായയുടെ ദേഹമാസകലം മുറിവുകൾ ഉണ്ടായിരുന്നു. മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരിക്കുപറ്റിയതാണെന്ന് നാട്ടുകാർ പറയുന്നു. ആക്രമസസക്തനായ നായ രണ്ടു മൂന്നുപേരെ കടിക്കാൻ ശ്രമിച്ചു. പിന്നീട് നാട്ടുകാർ ഇതിനെ തല്ലികൊല്ലുകയായിരുന്നു.

നായ വാഴും നാട്

പഞ്ചായത്തിലെ പൈനാവ്, ചെറുതോണി, വാഴത്തോപ്പ്, തടിയംപാട്, മണിയാറൻകുടി, കൊക്കരക്കുളം, കരിമ്പൻ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായകൾ പൊതുജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നത്. ഇതിൽ കൂടുതൽ തെരുവുനായകളുള്ളത് പൈനാവ്, വാഴത്തോപ്പ് കോളനികളിലാണ്. ഇവിടെ ഇവയ്ക്ക് വിശ്രമിക്കുവാനുള്ള സൗകര്യമുള്ളതാണ് കാരണം.

ഇവിടെ കോഴികളില്ല

വാഴത്തോപ്പ് പഞ്ചായത്തിൽ ഇപ്പോൾ ആരും കോഴികളെ വളർത്തുന്നില്ല. എത്ര നോക്കി വളർത്തിയാലും മുട്ടയിടാറാകുമ്പോൾ ഇവയെ നായ്ക്കൾ കൊണ്ടുപോകുന്നതാണ് കാരണം.

പദ്ധതിയുണ്ടെങ്കിലും ഫലമില്ല

തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയശേഷം പിടിച്ച സ്ഥലത്തുതന്നെ കൊണ്ടുവിടുന്ന പദ്ധതിയുണ്ട്.. വാഴത്തോപ്പ് പഞ്ചായത്ത് പദ്ധതിയ്ക്കായി അഞ്ചുലക്ഷം രൂപ നീക്കിവച്ച് നടപടികൾ നടത്തുന്നുണ്ടെങ്കിലും തെരുവുനായ്ക്കളുടെ അറുതിവരുത്താൻ സാധിച്ചിട്ടില്ല.