road

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിന്റെ പ്രവേശന കവാടം മുതൽ ആശുപത്രി വരെയുള്ള റോഡ് 'തീവ്രപരിചരണ വിഭാഗത്തിൽ" പ്രവേശിപ്പിക്കേണ്ട സമയം കഴിഞ്ഞു. ടാറിംഗ് പൊട്ടിപൊളിഞ്ഞും, ഓടയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി റോഡിൽ രൂപപ്പെട്ട കുഴികളിൽ ചെളിയും വെള്ളവും നിറഞ്ഞ് റോഡ് മരണാസന്നമാണ്. ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയതോടെ അത്യാഹിത വിഭാഗത്തിലേക്ക് പല സ്ഥലത്ത് നിന്നും എത്തുന്ന ആംബുലൻസുകൾ വളരെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ പോകുന്നത്. ഇവിടേക്ക് അടിയന്തര ഘട്ടങ്ങളിൽ രോഗികളകൊണ്ട് വരുമ്പോഴും മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുമ്പോഴും വഴിയുടെ ശോച്യാവസ്ഥ ഗുരുതര പ്രശ്നമാണ് സൃഷ്ടിക്കുന്നത്. മഴക്കാലത്ത് മണ്ണ് വന്ന് നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ നൂറ് കണക്കിന് ആട്ടോറിക്ഷകളും മറ്റ് സ്വകാര്യ വാഹനങ്ങളുമാണ് സഞ്ചരിക്കുന്നത്. ആശുപത്രി ജംഗ്ഷനിൽ നിന്ന് കാൽനടയാത്രക്കാർക്ക് പോലും ഇത് വഴി നടക്കാൻ കഴിയാത്ത രീതിയിലാണ് മലിനജലം റോഡിലൂടെ ഒഴുകുന്നത്. ചെറുതോണി അണക്കെട്ടിന്റെ നിർമ്മാണ കാലത്ത് ഡാം ടോപ്പിലേക്കും ബോട്ടത്തിലേക്കും പോകാനായാണ് ആദ്യമായി ഈ റോഡ് നിർമ്മിച്ചത്. നിലവിൽ ആശുപത്രിയുടെ മുന്നിലൂടെ കടന്ന് പോകുന്ന ഈ വഴി ഒരു സ്വകാര്യ സ്‌കൂളിലേക്കും ഡാം സെക്യൂരിറ്റി പൊലീസ് ക്വാർട്ടേഴ്സുകളിലേക്കും മാത്രമാണ്. അണക്കെട്ടിന് സമീപം വരെ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. അവധി ദിവസങ്ങളിലും സീസൺ സമയങ്ങളിലും വിനോദ സഞ്ചാരികൾക്കായി ഡാം തുറന്ന് കൊടുക്കുമ്പോൾ ഈ വഴിയാണ് വൺവേ ആയി ഉപയോഗിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വാഹന ഗതാഗതം സുഗമമാക്കാൻ റോഡിൽ അടിയന്തരമായി ഗുണനിലവാരമുള്ള ടാറിംഗ് നടത്തണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം.