കുമളി: മണ്ഡല കാലത്തോടനുബന്ധിച്ച് പ്രധാന ഇടത്താവളങ്ങിലെ കടകളിൽ വിൽപ്പന നടത്തി വരുന്ന ചിപ്‌സ്, ഹലുവ, പച്ചക്കറി സാധനങ്ങളുടെ വില വിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കൂടാതെ സാധനങ്ങളുടെ ഗുണനിലവാരവും അളവ് തൂക്ക് ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും ഉറപ്പ് വരുത്തണം. വ്യാപാരത്തിന് ആവശ്യമായ വിവിധ ലൈസൻസുകളും സൂക്ഷിക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ പരിശോധിച്ച് നടപടി സ്വീകരിക്കും. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ റവന്യൂ, ഫുഡ് ആന്റ് സേഫ്‌റ്റി, ആരോഗ്യ വകുപ്പ്, ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിൽ ഏലപ്പാറ, പാമ്പനാർ, വണ്ടിപ്പെരിയാർ, കുമളി, പെരുവന്താനം, സത്രം തുടങ്ങിയ സ്ഥലങ്ങളിലെ 37 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴ് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തുകയും 8,000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.