മണക്കാട്: പഞ്ചായത്തിലെ പുലിക്കുന്ന് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പുലിയള്ള് ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ജൈവവൈവിധ്യ പരിപാലന യോഗത്തിൽ തീരുമാനം. കൂടാതെ മണക്കാട് പഞ്ചായത്തിൽ ഒരു ജൈവവൈവിധ്യ പൈതൃക മ്യൂസിയം ആരംഭിക്കുന്നതിനും എ.ബി.എസിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും തീരുമാനിച്ചു. ബി.എം.സി ചെയർപേഴ്സൺ വത്സാ ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനോയ്, ജൈവ വൈവിധ്യ ബോർഡ് പ്രൊജക്ട് ഫെലോ വി.എസ്. അശ്വതി, ബി.എം.സി അംഗങ്ങളായ ആർ. സുഗതൻ, വി.ബി. ദിലീപ് കുമാർ, എ.എൻ. സോമദാസ്, ഡി. ഗോപാലകൃഷ്ണൻ, ശാന്താ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.