കുമളി: അയ്യപ്പഭക്തർക്ക് നൽകുന്ന ചിപ്‌സിൽ സർവത്ര മായമാണെന്ന് ആക്ഷേപം. ഭക്തരെ ആകർഷിക്കാൻ കടയ്ക്ക് മുമ്പിൽ തിളയ്ക്കുന്ന ചട്ടിയിലെ എണ്ണയിൽ വറക്കുന്ന ചിപ്സ് അല്ല പല കടകളിലും വിൽക്കുന്നത്. ഇവിടങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന ചിപ്സാണ് വിൽപ്പന നടത്തുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞവർഷം സ്വകാര്യ വ്യക്തി ചിപ്സിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതിൽ നിന്ന് ഗുണനിലവാരം കുറഞ്ഞവയാണ് വിൽക്കുന്നതെന്ന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ശബരിമല തീർത്ഥാടകർക്ക് കേരളത്തിലെ ചിപ്സ് പ്രിയപ്പെട്ടതാണ്. ഇത് മുതലെടുത്താണ് ഒരോ മണ്ഡലകാലത്തും തീർത്ഥാടകരെ ചൂഷണം ചെയുന്നത്. തീർത്ഥാടന കാലത്തെ രണ്ട് മാസത്തിനായി ലക്ഷങ്ങൾ മുടക്കിയാണ് കട വാടയ്ക്കും ഒറ്റിയ്ക്കും വ്യാപാരികൾ എടുക്കുന്നത്. വൻ തുക മുടക്കിയത് തിരിച്ചുപിടിക്കുന്നതിനായി അമിതവിലയ്ക്ക് ഗുണനിലവാരമില്ലാത്ത ചിപ്സ് വിൽക്കുന്നെന്നാണ് ആക്ഷേപം.