തൊടുപുഴ: യുവജന ക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാതല കേരളോൽസവം ഇന്നും നാളെയും തൊടുപുഴയിൽ വിവിധ വേദികളായി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറിന് രാവിലെ ഒമ്പതിന് ഫുട്ബോൾ, ക്രിക്കറ്റ്, വോളീബോൾ, ഷട്ടിൽ, പഞ്ചഗുസ്തി മത്സരങ്ങൾ നടക്കും. തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിലാണ് ഫുട്ബോൾ മത്സരങ്ങൾ നടക്കുക. മുതലക്കോടം സെന്റ് ജോർജ് ഗ്രൗണ്ടിൽ ക്രിക്കറ്റും കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്ളവർ സ്റ്റേഡിയത്തിൽ വോളിബോളും തൊടുപുഴ ഇന്ത്യൻ സ്പോർട്സ് അക്കാഡമിയിൽ ഷട്ടിൽ മത്സരവും തൊടുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പഞ്ചഗുസ്തി മത്സരവും അരങ്ങേറും. ഏഴിന് ബാസ്ക്കറ്റ്‌ബോൾ, കബഡി, അത്ലറ്റിക്സ്, നീന്തൽ, വടംവലി മത്സരങ്ങളും നടക്കും. ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് മങ്ങാട്ടുകവലയിൽ നിന്ന് മുൻസിപ്പൽ സ്റ്റേഡിയത്തിലേക്ക് നടത്തുന്ന ഘോഷയാത്രയോടെ പരിപാടിയുടെ ഔദ്യോഗീകമായ ഉദ്ഘാടനം നടക്കും. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് ഫ്ലാഗ്ഒഫ് ചെയ്യുന്ന റാലി മുൻസിപ്പൽ സ്റ്റേഡിയത്തിൽ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊച്ചുത്രേസ്യാ പൗലോസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എം.എൽ.എമാരായ എസ്. രാജേന്ദ്രൻ, ഇ.എസ്. ബിജിമോൾ, റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ എച്ച്. ദിനേശൻ എന്നിവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ സ്വാഗതവും സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു മുഖ്യപ്രഭാഷണവും നടത്തും. ഏഴിന് നടക്കുന്ന സമാപന സമ്മേളനം കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ആഡിറ്റോറിയത്തിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ മാത്യു ജോൺ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ്കുമാർ എൻ.ടി, സി.വി. സുനിത, യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി. സിജിമോൻ എന്നിവർ പങ്കെടുത്തു.