മറയൂർ: ഒന്നര വർഷമായി ശരീരത്തിന്റെ ഒരു വശം തളർന്ന യുവാവ് പുഴയിൽ ഒഴുക്കിൽപ്പെട്ടതായി സംശയം. കാന്തല്ലൂർ ഇടക്കടവ് സ്വദേശി ജേക്കബിന്റെയും പാർവതിയുടെയും മകൻ പരമശിവം എന്ന് വിളിക്കുന്ന ശെൽവരാജിനെയാണ് (44) കാണാതിയത്. ഊന്നുവടിയുടെ സഹായത്തോടെയാണ് ഇയാൾ കഷ്ടിച്ചു നടന്നിരുന്നത്. തിങ്കളാഴ്ച രാവിലെ അംഗൻവാടി ടീച്ചറായ ഭാര്യ മൂന്നാറിൽ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ പോയിരുന്നു. ഇളയ മകൾ അക്ഷയ വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിൽ വന്നപ്പോൾ ശെൽവരാജിനെ കണ്ടില്ല. പാമ്പാറ്റിൽ മീൻ പിടിക്കാൻ പോയ പൊങ്ങുംപിള്ളി കോളനിയിലുള്ളവർ ഇടക്കടവ് ഫാത്തിമ കോവിലിന് സമീപമുള്ള ചെക്ക്ഡാമിൽ ശെൽവരാജ് നിൽക്കുന്നത് കണ്ടിരുന്നു. ഇവിടെ പരിശോധന നടത്തിയപ്പോഴാണ് ശെൽവരാജ് ഉപയോഗിച്ചിരുന്ന ഊന്നുവടി കണ്ടെത്തി. മറയൂർ ഇൻസ്‌പെക്ടർ ഒഫ് പൊലീസ് വി.ആർ. ജഗദീഷ്, അഡീഷണൽ എസ്.ഐ മജീദ് എന്നിവരുടെ നേതൃത്വത്തിൽ പാമ്പാറ്റിൽ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. മൂന്നാറിൽ നിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിവരുന്നു. ഭാര്യ: ജയറാണി. മക്കൾ: അഖിൽ, അഹല്യ, അക്ഷയ.