ചെറുതോണി: ടൗണിലെ നിർമ്മാണ നിരോധിത മേഖലയിൽ റവന്യൂ, ടൗൺപ്ലാനിംഗ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടന്നു. ടൗണിലെ കെട്ടിടങ്ങളുടെയും പുഴയുടെയും നിലവിലുള്ള അവസ്ഥ കോടതിയിൽ അറിയിക്കാനായിരുന്നു പരിശോധന നടത്തിയത്. തിങ്കളാഴ്ച ആരംഭിച്ച പരിശോധന ഇന്ന് സമാപിക്കും. കെട്ടിടങ്ങളുടെ അവസ്ഥയും വിസ്തീർണവും ഉയരവുമെല്ലാം ടൗൺ പ്ലാനിംഗ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തി. പുഴയുടെയും സ്ഥലത്തിന്റെയും അളവ് റവന്യൂ ഉദ്യോഗസ്ഥരാണ് നിർണയിച്ചത്. ഏതാനു ദുവസങ്ങൾക്ക് മുമ്പ് അറ്റോർണി ജനറൽ ചെറുതോണിയിലെത്തി നിർമ്മാണ നിരോധിത മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ചിരുന്നു. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ സംയുക്ത പരിശോധന നടക്കുന്നത്. ചെറുതോണിയിലെ പഴയ ബസ് സ്റ്റാന്റിരുന്ന സ്ഥലവും അവിടുള്ള ശുചിമുറിയും ഉൾപ്പെടെ ഉദ്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തി. ചെറുതോണി പാലം മുതൽ എറണാകുളം റോഡിന്റെയും ചെറുതോണി പുഴയുടെയും ഇടയിൽ വെള്ളക്കയം വരെയുള്ള സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ഇവിടുത്തെ നിലവിലുള്ള സാഹചര്യം കോടതിയെ അറിയിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇടുക്കി അണക്കെട്ട് തുറന്നുവിട്ടാൽ വെള്ളം കയറാൻ സാധ്യതയുള്ളതായി കണ്ട് വൈദ്യുതി വകുപ്പ് നിർണ്ണയിച്ചിരിക്കുന്ന നിർമ്മാണനിരോധിത മേഖലയെകുറിച്ച് ആക്ഷേപം ശക്തമായിരുന്നു. ഒരേ നിരപ്പിലുള്ള സ്ഥലത്തെ റോഡിന്റെ ഒരുവശത്തു മാത്രം വെള്ളം കയറുമെന്നും അവിടെ നിർമ്മാണ നിരോധന ഉത്തരവും നൽകിയതാണ് ആക്ഷേപത്തിനിടയാക്കിയിരിക്കുന്നത്. അറ്റോർണി ജനറൽ ചെറുതോണി ടൗണിലെ നിർമ്മാണ നിരോധിത മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമല്ല ടൗണിലുള്ള അസൗകര്യങ്ങളും വിലയിരുത്തിയിരുന്നു. പൊതു ജനങ്ങൾക്ക് യാതൊരുഅടിസ്ഥാന സൗകര്യങ്ങളുമൊരുക്കാത്തതും പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം ചർച്ചചെയ്തിരുന്നു.