രാജകുമാരി: ശാന്തമ്പാറ കൊലപാതകക്കേസിൽ മുംബെയിലെ ജയിലിൽ കഴിയുന്ന പ്രതി ലിജി കുര്യനെ (29) തെളിവെടുപ്പിനു വിട്ടുകിട്ടുന്നതിനായി കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം കോടതിയിൽ പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ചു. സുഹൃത്ത് വസീമുമായി ചേർന്ന് ഭർത്താവ് റിജോഷിനെ കൊലപ്പെടുത്തിയ കേസിൽ ലിജിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനും വേണ്ടിയാണ് ശാന്തൻപാറ പൊലീസ് നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രൊഡക്ഷൻ വാറണ്ടിന് അപേക്ഷിച്ചത്. കോടതിയുടെ അനുമതി മുംബെയ് പൻവേൽ കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞാൽ ലിജിയെ പൊലീസിനെ വിട്ടു കിട്ടും. ഒരാഴ്ച മുതൽ ഒരു മാസം വരെ കാലയളവിനുള്ളിൽ നടപടികൾ പൂർത്തീകരിക്കാനാകുമെന്നാണ് പൊലീസിന്റെ നിഗമനം. ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരനായ മുല്ലൂർ റിജേഷിനെ (31) കൊലപ്പെടുത്തിയശേഷം ഒന്നാം പ്രതി ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ കൂടെ കഴിഞ്ഞ ഏഴിനാണ് ലിജി മുംബെയിലെത്തിയത്. ഒമ്പതിന് പൻവേലിലെ ലോഡ്ജിൽ വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയ ലിജിയെയും വസീമിനെയും മുംബെയ് പോലീസ് ജെജെ ആശുപത്രിയിൽ എത്തിച്ചു. ഇളയമകൾ രണ്ടുവയസുകാരി ജൊവാനയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ലിജിയും വസീമും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.