തൊടുപുഴ: ഉടുമ്പന്നൂർ പഞ്ചായത്തിലെ പതിനാറാം വാർഡിലെ 65 കുടുംബങ്ങളെ കുടിവെള്ള വറുതിയിലേക്ക് തള്ളിവിട്ടുകൊണ്ട് വയൽ നികത്തൽ നടത്തുന്നുവെന്ന് അമൃതധാര ശുദ്ധജല വിതരണ സമതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2013ൽ ആരംഭിച്ച അമൃതധാര ശുദ്ധജല കുടിവെള്ള പദ്ധതിയിൽ നിന്ന് 65 കുടുംബങ്ങൾ കുടിവെള്ളത്തിനും മറ്റ് വീട്ടാവശ്യങ്ങൾക്കുമായി ശുദ്ധജലം ഉപയോഗിച്ചു വരുന്നു. അമയപ്ര ദേവീ ക്ഷേത്രത്തോട് ചേർന്ന് സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ വയലിലാണ് കിണർ നിർമ്മിച്ചത്. പഞ്ചായത്തിന്റെയും ഭരണസമതി അംഗങ്ങളുടെയും നിക്ഷേപത്തിൽ നിന്ന് സഹായമുൾക്കൊണ്ട് മോട്ടോർ സ്ഥാപിക്കുകയും പൈപ്പ് ലൈൻ ക്രമീകരിച്ച് ശുദ്ധജലം എത്തിക്കുകയും ചെയ്ത് കുടിവെള്ള പദ്ധതി മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നു. വയലിന്റെ മറ്റൊരു ഭാഗം പഞ്ചായത്തിന്റെയും റവന്യൂ അധികാരികളുടെയും അനുവാദത്തോടെ നികത്തി വീട് വക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ വർഷം കിണറിലേക്കുള്ള നീരുറവ കുറയുകയും വേനൽകാലത്ത് ശുദ്ധജലക്ഷാമം അനുഭവപ്പെടുകയും ചെയ്തു. എന്നാൽ പിന്നിട് ഈ പ്രദേശത്ത് കൂടുതലായി മണ്ണിടുകയും മറ്റ് മാലിന്യങ്ങൾ നിക്ഷേപിച്ച് വയൽ നികത്തിവരുകയും ചെയ്യുന്നതായി പരിസരവാസികൾ ആരോപിക്കുന്നു. രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലുമാണ് ഇത്തരം പ്രവർത്തികൾ കൂടുതലായി നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ വയൽ പ്രദേശത്ത് മണ്ണിടുന്നതിന് ആധികാരികളിൽ നിന്നും അനുമതി നേടിയിട്ടില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു. ഇത്തരം പ്രവർത്തികൾ തുടരുന്ന പക്ഷം കുടിവെള്ള സ്രോതസ്സിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുകയും അത് കുടിവെള്ള വിതരണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നാണ് കുടിവെള്ള പദ്ധതിൽ ഉൾപ്പെട്ട 65 ഓളം വീട്ടുകാരുടെ പരാതി. വയൽ നികത്തുന്നതിനെതിരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സമിതിയുടെ പ്രസിഡന്റ് തോമസ്, അംഗങ്ങളായ ഷാജി, ഷെമീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.