narayana-pilla
നാരായണപിള്ള

തൊടുപുഴ: പഴയ ചില പുസ്തകങ്ങൾ എത്ര പ്രസിദ്ധീകരണശാലകളിൽ തിരഞ്ഞാലും ചിലപ്പോൾ കണ്ടെന്നുവരില്ല. എന്നാൽ പ്രസാധകർ പ്രസിദ്ധീകരണം നിറുത്തിയ പല അപൂർവ പുസ്തകങ്ങൾ വരെ നാരായണപിള്ളയുടെ കൈയിലുണ്ടാകും. ആവശ്യപ്പെട്ടാൽ പുസ്തകത്തിന്റെ പകർപ്പ് സ്പൈറൽ ബൈൻഡ് ചെയ്ത് നിസാര തുകയ്ക്ക് വീട്ടിലെത്തിക്കും. തൊടുപുഴ ആനക്കൂട് പുല്ലാപ്പിള്ളിൽ പി.കെ. നാരായണപിള്ളയാണ് ഈ അപൂർവ പുസ്തകങ്ങളുടെ കാവൽക്കാരൻ. ജലസേചനവകുപ്പിൽ നിന്ന് വിരമിച്ച ഈ ഏഴുപതുകാരൻ 15 വർഷത്തിലേറെയായി അക്ഷരക്കൂട്ടുകളുടെ വിൽപ്പനക്കാരനായിട്ട്. പ്ലാറ്റോയുടെ 'ദ ട്രയൽ ആന്റ് ഡത്ത് ഒഫ് സോക്രട്ടറീസ് ", ബെർട്രാൻഡ് റസലിന്റെ 'വൈ അയാം നോട്ട് എ ക്രിസ്ത്യൻ", ഹമീദ് ദൽവായുടെ 'മുസ്ലിം പൊളിറ്റിക്സ് ഇൻ സെക്യുലർ ഇന്ത്യ" തുടങ്ങി വിപണിയിൽ ലഭ്യമല്ലാത്ത നിരവധി പുസ്തകങ്ങൾ നാരായണപിള്ളയുടെ കൈവശമുണ്ട്. ഒരു കോപ്പി മാത്രമുള്ളതിനാലാണ് കോപ്പിയെടുത്ത് ബൈൻഡ് ചെയ്ത് നൽകുന്നത്. ദൂരെ സ്ഥലങ്ങളിലുള്ളവർക്ക് കൊറിയറായി അയച്ചുനൽകാറുമുണ്ട്. എം.എൻ. കാരശേരി, ജസ്റ്റിസ് കെ.ടി. തോമസ് തുടങ്ങിയ പല പ്രമുഖരും നാരായണപിള്ളയുടെ കൈയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ട്. ചെറുപ്പത്തിൽ ആദ്ധ്യാത്മിക പുസ്തകങ്ങളിലൂടെയാണ് വായനാശീലം ആരംഭിക്കുന്നത്. പിന്നീട് സ്വന്തമായുള്ള ചെറിയ പുസ്തകശേഖരത്തിൽ നിന്ന് താത്പര്യമുള്ളവർക്ക് പുസ്തകങ്ങൾ നൽകുന്നതിൽ ആഹ്ലാദം കണ്ടെത്തി. ആവശ്യക്കാർ കൂടിയതോടെ പുസ്തകവിൽപ്പന ആരംഭിച്ചു. വായനക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് പുതിയ പുസ്തകങ്ങൾ വാങ്ങി നൽകാറുമുണ്ട്. ഇങ്ങനെ ഏറ്റവും കൂടുതൽ വിറ്റഴിച്ച പുസ്തകം ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ അഗ്നിചിറകുകളാണെന്ന് നാരായണപിള്ള ഓർക്കുന്നു. മൊബൈൽ ഫോൺ അടിമകളായ പുതിയ തലമുറയേക്കുറിച്ചോർത്ത് അസ്വസ്ഥനാണ് പിള്ല. പുസ്തകം താളുകൾ മറിച്ച് വായിക്കുന്നതിന്റെ സുഖം ഡിജിറ്റൽ വായനയ്ക്ക് കിട്ടില്ലെന്നാണ് പിള്ളയുടെ അഭിപ്രായം. എങ്കിലും ചിലരെങ്കിലും മൊബൈലിൽ നിന്ന് മോചനം നേടി വായനയിലേക്ക് തിരിച്ചെത്തുന്നുണ്ടെന്നത് ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.