class

ജില്ലയിലെ 240 സ്‌കൂളുകൾ (133 സർക്കാർ, 107 എയിഡഡ് ) പൂർണമായും ഹൈടെക്കാക്കി.

379 സ്‌കൂളുകളിലും (162 സർക്കാർ, 217 എയിഡഡ് ) ഉപകരണ വിതരണം പൂർത്തിയാക്കി.

സ്‌കൂളുകളിൽ നൽകിയത് 3942 ലാപ് ടോപ്പുകളും 3278യു.എസ്.ബി സ്പീക്കറുകളും 2367 പ്രൊജക്ടറുകളും.

ജില്ലാതല പൂർത്തീകരണ പ്രഖ്യാപനം ജനുവരിയിൽ

കിഫ്ബിയിൽ നിന്നും 20.84 കോടി രൂപയാണ് പദ്ധതികൾക്ക് ഇതുവരെ ചെലവഴിച്ചത്.

ഇടുക്കി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതികൾ പൂർത്തീകരണത്തിലേക്ക്. രണ്ട്വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള സർക്കാർ എയിഡഡ് സ്‌കൂളുകളിൽ ഇതുവരെ നൽകിയത് 3942 ലാപ്ടോപ്പുകളും, 3278 യു.എസ്.ബി സ്പീക്കറുകളും, 2367 പ്രൊജക്ടറുകളും, 1510 മൗണ്ടിംഗ് കിറ്റുകളും, 450 സ്‌ക്രീനുകളുമാണ്. ഇതിന് പുറമെ 239 എൽ.ഇ.ഡി ടെലിവിഷൻ (43'), 240 മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ, 227 ഡി.എസ്.എൽ.ആർ കാമറ, 240 എച്ച്.ഡി വെബ്ക്യാം എന്നിവയും സ്‌കൂളുകളിൽ വിന്യസിച്ചു കഴിഞ്ഞു. ഏറ്റവും കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കിയ സർക്കാർ സ്‌കൂൾ ഗവ. എച്ച്.എസ്.എസ്. കല്ലാർ ഉം (58 ലാപ്ടോപ്പ്, 37 പ്രൊജക്ടർ) എയിഡഡ് സ്‌കൂൾ എസ്.എൻ.വി.എച്ച്.എസ്.എസ്. എൻ.ആർ. സിറ്റി രാജാക്കാടും, സെന്റ്. ജോസഫ് എച്ച്.എസ്.എസ്. കരിമണ്ണൂരും (55 ലാപ്ടോപ്പ്, 39 പ്രൊജക്ടർ വീതം) ആണ്. ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവൻ അദ്ധ്യാപകർക്കും പ്രത്യേക ഐടി പരിശീലനം നൽകിയിട്ടുണ്ട്. പാഠഭാഗങ്ങൾ ക്ലാസ് മുറിയിൽ ഡിജിറ്റൽ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി സമഗ്ര പോർട്ടൽ സജ്ജമാക്കി. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി ജില്ലയിൽ 93 സ്‌കൂളുകളിൽ ഹൈടെക് സ്‌കൂൾ പ്രവർത്തനങ്ങൾ സജീവമാക്കുന്നുണ്ട്.

സ്‌കൂൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

ജനുവരിയിൽ പ്രത്യേക ഐടി ഓഡിറ്റ് പൂർത്തിയാക്കാനും ജില്ലാ സംസ്ഥാനതല ഹൈടെക് പൂർത്തീകരണ പ്രഖ്യാപനങ്ങൾ നടത്താനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്

കെ. അൻവർ സാദത്ത്

കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ