ഇടുക്കി: റോഡിനിരുവശവും കാഴ്ച മറച്ച് അപകടകരമായ രീതിയിൽ നിൽക്കുന്ന കാടുകൾ വെട്ടിമാറ്റാൻ ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർദ്ദേശിച്ചു. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ റെജി പി. വർഗീസിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ ചേർന്ന റോഡ് സുരക്ഷ യോഗത്തിലാണ് നിർദ്ദേശമുണ്ടായത്. ശബരിമല തീർത്ഥാടനത്തിന്റെ പശ്ചാത്തലത്തിൽ എത്രയും വേഗം തീരുമാനം നടപ്പിലാക്കാൻ ആവശ്യപ്പെട്ടു. നോ പാർക്കിംഗ് ബോർഡുകളലില്ലാത്തതും അത്യാവശ്യമായ സ്ഥലങ്ങളിലും സ്ഥാപിക്കുന്നതിന് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. ബസ് ബേയിൽ അന്യവാഹ്നങ്ങൾ പാർക്ക് ചെയ്യരുതെന്ന ബോർഡുകൾ സ്ഥാപിക്കും. ഇറക്കത്തിലുള്ള വളവുകളിൽ സുരക്ഷ ബാരിക്കേഡുകൾ സ്ഥാപിക്കും. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്പീഡ് നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തും. യോഗത്തിൽ ഡി.വൈ.എസ്.പി ടി.എ. ആന്റണി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, പി.ഡബ്ലു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ വി.പി. ഷാഫർഖാൻ, പി.ഡബ്ല്യു.ഡി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷാലി കെ.എച്ച് എന്നിവർ പങ്കെടുത്തു.