കട്ടപ്പന : കട്ടപ്പനയിൽ വിവിധയിടങ്ങളിലായി പ്രവർത്തിച്ചു വരുന്ന നാല് സർക്കാർ ഓഫീസുകൾ പണി പൂർത്തിയായി വരുന്ന മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കും. തുടക്കത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, എക്‌സൈസ് റേഞ്ച് ഓഫീസ് എന്നിവയാണ് മാറ്റി പ്രവർത്തനം ആരംഭിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയത്. മുമ്പ് ഗ്രാമപഞ്ചായത്തായിരുന്ന കട്ടപ്പനയിൽ ഇരുപതോളം സർക്കാർ ഓഫീസുകൾ വാടകക്കെട്ടിടങ്ങളിൽ വിവിധയിടങ്ങളിലായി പ്രവർത്തിച്ചുവരുന്നുണ്ട്. പൊതുജനങ്ങളുടെ സൗകര്യാർഥം ഈ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായാണ് മിനി സിവിൽ സ്റ്റേഷൻ നിർമാണം ആരംഭിച്ചത്. എക്‌സൈസ് റേഞ്ച് ഓഫീസ് കഴിഞ്ഞ 25 വർഷമായി ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ഈ കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ കത്തു നൽകിയ സാഹചര്യത്തിലാണ് അടിയന്തിരമായി ഓഫീസ് മാറ്റത്തിനു അനുമതി നൽകിയിരിക്കുന്നത്. കട്ടപ്പന കുട്ടിക്കാനം റോഡിൽ ഐ ടി ഐ ജംഗ്ഷനു സമീപമാണ് പുതിയ മിനി സിവിൽ സ്റ്റേഷൻ പണി പൂർത്തിയാകുന്നത്. ഏഴുനിലകളിയായി നിർമിക്കുന്ന കെട്ടിടത്തിൽ ഒന്നാംനില മുതൽ വിവിധ സർക്കാർ ഓഫീസുകൾക്കായുള്ളതാണ്. ഒന്നാംനിലവരെ പണി പൂർത്തിയായ സാഹചര്യത്തിലാണ് നാലു സർക്കാർ ഓഫീസുകൾ അവിടേക്കു മാറുന്നത്.