തൊടുപുഴ: സ്കൂൾ പരിസരത്ത് നിന്ന് രണ്ട് പൊതി കഞ്ചാവുമായി നാലംഗ സംഘം പൊലീസ് പിടിയിലായി. പാലാ കുറുമണ്ണ് വല്യാത്ത് വീട്ടിൽ ബിറ്റോ (19)​,​ കുഞ്ചിത്തണ്ണി വള്ളക്കടവ് പുത്തൻവീട്ടിൽ അനന്തു (22)​,​ മടക്കത്താനം ശ്രീശൈലം വീട്ടിൽ അനന്തകൃഷ്ണൻ (19)​,​ മുനിയറ പുത്തൻപുരയിൽ അശ്വിൻ (18)​ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇന്നലെ രാവിലെ 9.30ന് തൊടുപുഴ ടൗണിലെ സ്കൂൾ പരിസരത്ത് കാറിലെത്തിയ സംഘം വിദ്യാർത്ഥികളുമായി വഴക്കുണ്ടാക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ഇതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തട‌ഞ്ഞു. തൊടുപുഴ എസ്.ഐ എം.പി. സാഗറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ഇവർ വന്ന വാഗൺആർ കാറിന്റെ സീറ്റിനടിയിൽ നിന്ന് രണ്ട് പൊതികളിലായി 11.3 ഗ്രാം കഞ്ചാവ് കണ്ടെത്തി. കൂടാതെ ഗർഭനിരോധന ഉറ,​ ലഹരിക്ക് ഉപയോഗിക്കുന്ന സ്‌പ്രേ എന്നിവയും കണ്ടെടുത്തു. തുടർന്ന് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിലൊരാളായ ബിറ്റോയുടെ അനിയനെ സ്കൂളിലെ ഒരു വിദ്യാർത്ഥി മർദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ പ്രതികളെ സ്കൂൾ പരിസരത്ത് സ്ഥിരമായി കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രതികൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കാനെത്തിയതാണെന്ന് പൊലീസ് പറയുന്നു. ഇന്ന് കോടതിയിൽ ഹാജരാകാമെന്ന ഉറപ്പിന്മേൽ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.