ചെറുതോണി: റോഡിലെ കുഴികൾ മണ്ണിട്ട് നികത്താൻ അവർ നിരത്തിലിറങ്ങി. ഒന്നും രണ്ടും മീറ്ററല്ല ഒരുകിലോമീറ്റർ ദൂരംവരുന്ന റോഡിലെ കുഴികളാണ് മൂന്ന് വിദ്യാർത്ഥികൾ മണ്ണിട്ടു നികത്തിയത്. കരിമ്പൻ - ആന്റോപുരം ജോഷിയുടെ മകൻ കെവിൻ(13), അയൽവാസികളും സുഹൃത്തുക്കളുമായ കൊളമ്പേൽ ജിജോയുടെ മകൻ ജോർജിൻ (12), തലച്ചിറയിൽ സിനോജിന്റെ മകൻ ഡിയോൺ(11) എന്നിവരാണ് നാടിനും നാട്ടുകാർക്കും അഭിമാനമായത്. കൈക്കോട്ടും പ്ലാസ്റ്റിക് കൊട്ടയുമായി കെവിന്റെ നേതൃത്വത്തിൽ മൂവർ സംഘം റോഡിലേക്കിറങ്ങി. നാട്ടുകാരെ പോലും അതിശയിപ്പിച്ചുകൊണ്ട് ഇവർ വലിയ കുഴികൾ വരെ മണ്ണിട്ടു നികത്തുകയായിരുന്നു. വീട്ടിൽ നിന്നും റോഡിലെകുഴിയിൽ മണ്ണിടാനാണെന്നുപറഞ്ഞ് ഇറങ്ങിയ കുട്ടികൾ ഉച്ചക്ക് തിരികെ എത്തി ഊണ് കഴിച്ച് വീണ്ടും പോവുകയായിരുന്നു. വൈകുന്നേരം ആറോടെയാണ് മൂവരും പണിതീർത്ത് തിരികെ എത്തിയത്. കെവിന്റെ സൈക്കിളിൽ തൂമ്പയും കൊട്ടയും വച്ചുകെട്ടി കൈയ്യിൽ കുപ്പിവെള്ളവുമായി ഇവർ റോഡിലെ കുഴികൾ മണ്ണിട്ട് നികത്തുന്നകാഴ്ച മുരിക്കാശ്ശേരിയിൽ നിന്നുംവന്ന വഴിയാത്രക്കാരൻ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെയാണ് കുട്ടികളുടെ സാമൂഹ്യപ്രതിബദ്ധതയുടെ നേർക്കാഴ്ച പൊതുജനമറിഞ്ഞത്. കുട്ടികളുടെ സേവനതത്പരതയെ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്ത് വലിയ പ്രചാരമാണ് നൽകിയത്. ആന്റോപുരം-ഗൗരിസിറ്റി റോഡിന്റെ മുക്കാൽ കിലോമീറ്ററോളം വരുന്ന ഭാഗത്തെ വലിയ കുഴികളാണ് കുട്ടികളുടെ ത്യാഗപ്രവർത്തനത്താൻ ഗതാഗതയോഗ്യമായത്. കെവിൻ വിമലഗിരി വിമല ഹൈസ്‌കൂളിലെ 8-ാം ക്ലാസ് വിദ്യർത്ഥിയാണ്. ജോർജിൻ ഉപ്പുതോട് സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ഏഴാംക്ലാസിലും ഡിയോൺ മണിപ്പാറ സെന്റ് മേരീസ് യുപി സ്‌കൂളിൽ ആറാം ക്ലാസിലുമാണ് പഠിക്കുന്നത്.