തൊടുപുഴ: ഏഴാം ക്ലാസ് വിദ്യാർത്ഥി ഒരു ദിവസം വീട്ടിലെത്തി അച്ഛനോട് ഒരു പ്രത്യേക മിഠായി വേണമെന്ന് വാശിപിടിച്ചു. മകന്റെ നിർബന്ധപ്രകാരം കടയിലെത്തി മിഠായി ചോദിച്ചപ്പോഴാണ് അത് കഞ്ചാവ് മിഠായിയാണെന്ന് മനസിലാകുന്നത്. മറ്റൊരു സംഭവം, ക്ലാസിൽ പഠിപ്പിക്കുന്നതിനിടെ മിഠായി കഴിക്കുന്നതുകണ്ട വിദ്യാർത്ഥിയെ അദ്ധ്യാപിക ശകാരിച്ചു. 'ടീച്ചറിന്റെ അച്ഛന്റെ പണം കൊണ്ടല്ല ഞാൻ മിഠായി വാങ്ങുന്നത്. എനിക്ക് ഇഷ്ടമുള്ളപ്പോൾ ഞാൻ കഴിക്കുമെന്നായിരുന്നു മറുപടി". ഇത്തരം നിരവധി സംഭവങ്ങളാണ് നമ്മുടെ മക്കളുമായി ബന്ധപ്പെട്ട് ദിവസവും നടക്കുന്നത്. ഇന്നലെ തൊടുപുഴയിലെ ഒരു സ്കൂളിന് സമീപത്ത് നിന്ന് കുട്ടികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ച നാല് പേരെ പൊലീസ് കഞ്ചാവുമായി പിടികൂടിയതും ഇതിലൊന്ന് മാത്രം. കഞ്ചാവിനൊപ്പം ഈ കൗമാരക്കാരുടെ കൈയിൽ നിന്ന് പിടികൂടിയത് ഗർഭനിരോധന ഉറയും മയക്കുമരുന്ന് സ്പ്രേയും.

കടത്ത് ആഡംബര കാറുകളിൽ

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങൾ തൊടുപുഴ ഉൾപ്പെടെയുള്ള നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ആഡംബര കാറുകൾ ഉപയോഗിച്ചാണ് ഇവരുടെ കടത്ത്. ഒരേസമയം വിവിധ കാറുകൾ ഇവർ കടത്തലിനായി ഉപയോഗിക്കും. ഏതെങ്കിലും വിധത്തിൽ ലഹരി കൊണ്ടുവരുന്ന കാറിന്റെ വിവരം ചോർന്നാൽ ഉടനെ റൂട്ടിൽ മറ്റൊരു വാഹനമെത്തും. ഇതിലേക്ക് കഞ്ചാവ് മാറ്റും. വാഹനത്തിന്റെ നമ്പർ നോക്കി പിടിക്കാൻ നിൽക്കുന്ന അധികൃതരുടെ പദ്ധതി ഇതോടെ പാളും. സമാന രീതിയിൽ ബൈക്ക് മാർഗവും സംഘങ്ങൾ കഞ്ചാവ് കടത്തുന്നുണ്ട്.

വിദ്യാർഥികൾ പ്രധാന ഇരകൾ

തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയാ സംഘങ്ങൾ ശക്തമാണ്. സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ചുള്ള ലഹരി മിഠായികളും സജീവമാണ്. ലഹരിക്ക് പണം കണ്ടെത്താൻ മോഷ്ടാക്കളായ കുട്ടികളും നിരവധി.

കഞ്ചാവ് ചെയിൻ

കഞ്ചാവ് വിൽപ്പനക്കാർക്ക് വിദ്യാർത്ഥികൾ മണിചെയിൻ പോലെ നേട്ടം കൊയ്യാവുന്ന ശൃംഖലയാണ്. ഒരു പ്ലസ്ടു വിദ്യാർത്ഥിയെ വളച്ചെടുത്താൽ മതി. സ്കൂളിലെ മറ്റ് കുട്ടികൾ എളുപ്പം വലയിലാകും. ലഹരിക്ക് അടിമയായാൽ പിന്നെ അത് ലഭിക്കാൻ ചില്ലറ വിൽപ്പനക്കാരനാകാൻ അവൻ തയ്യാറാകും. അവന്റെയൊപ്പവും താഴെ ക്ലാസിലുള്ളവരുമായ കുട്ടികളെ വശീകരിക്കും. അഞ്ച് പൊതി വിറ്രാൽ ഒന്ന് അവന് ഫ്രീ. ഈ ചെയിൻ നീണ്ടുപോകും. അപ്പോഴേക്കും ആദ്യത്തെ ചില്ലറകച്ചവടക്കാരൻ മൊത്തകച്ചവടക്കാരനായിട്ടുണ്ടാകും. വിദ്യാർത്ഥികളായതിനാൽ പൊലീസ് പിടിയിലായാലും ഉപദേശിച്ച് വിടുമെന്ന് മെച്ചവുമുണ്ട്.

ചെറിയ അളവ് മനഃപൂർവം

ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശം വച്ചതിന് പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇത് മുതലാക്കി ചെറിയ അളവുകളിലാകും വിൽപ്പനക്കാർ കഞ്ചാവ് കൈവശം വയ്ക്കുക. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഭൂരിഭാഗം പ്രതികളും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുന്നതാണ് പതിവ്.