prathikal

നെടുങ്കണ്ടം : വായ്പ നൽകാത്തതിനെ ചോദ്യം ചെയ്ത രാഷ്ട്രിയനേതാവിന്റെ വീടും കാറും കട്ടപ്പനയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഗുണ്ടകൾ അടിച്ച് തകർത്തു. നെടുങ്കണ്ടം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ശ്രീമന്ദിരം ശശികുമാറിന്റെ വീടാണ് സ്വകാര്യ ബാങ്കിലെ അഞ്ച് ജീവനക്കാർ അടിച്ച് തകർത്തത്. ശ്രീമന്ദിരത്തിന്റെ കാറിന്റെ ഗ്ലാസും, ഓഫിസ് മുറിയിലെ ടിവി, കമ്പ്യുട്ടർ, മറ്റ് വീട്ടുപകരണങ്ങൾ, വീടിന്റെ ചില്ല് എന്നിവയും അടിച്ചു തകർത്തു. കരുന്തരുവി ചപ്പാത്ത് വാല്യത്ത് വിഷ്ണു (28), ഉപ്പുതറ ലക്ഷമി ഭവൻ പാർത്ഥിപൻ (28), കൽത്തൊട്ടി മടത്തിപറമ്പിൽ വിശാഖ് (28), കട്ടപ്പന കരിമ്പിൻകര വീട്ടിൽ സരീഷ് (35), വെള്ളിലാംകണ്ടം തടിക്കൽ വീട്ടിൽ രതീഷ്‌മോൻ (32) എന്നിവരെ ഭവനഭേദനം, ആക്രമണം, വാഹനങ്ങൾ തല്ലിതകർക്കൽ എന്നീ വകുപ്പുകൾ ചുമത്തി നെടുങ്കണ്ടം പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ശ്രിമന്ദിരം ശശികുമാറിന്റെ ഭാര്യയുടെ പേരിൽ പുതിയ വാഹനം എടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിൻപ്രകാരം കട്ടപ്പനയിലെ സ്വകാര്യ ബാങ്കിൽ കഴിഞ്ഞ മാസം വാഹന വായ്പയ്ക്കുള്ള അപേക്ഷ കൊടുത്തു. ഇതിനാവശ്യമായ എല്ലാ രേഖകളും നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും വായ്പ നൽകുന്നതിനെ സംബന്ധിച്ച് തീരുമാനമുണ്ടായില്ല. ഇന്നലെ അവസാന തീരുമാനം അറിയിക്കാമെന്ന് ബാങ്ക് അധികൃതർ പറഞ്ഞതിനെ തുടർന്ന് രാവിലെ ശ്രീമന്ദിരം ശശികുമാർ ബാങ്കിലേയ്ക്ക് വിളിച്ചു. രാഷ്ട്രിയകാർക്ക് ലോൺ നൽകില്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി. ഈ തീരുമാനത്തെ ശ്രീമന്ദിരം ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാതെ വന്ന ജീവനക്കാരാണ് ശ്രീമന്ദിരത്തിന്റെ വീട്ടിൽ അക്രമണം അഴിച്ച് വിട്ടതെന്നാണ് പരാതി. അക്രമണം നടക്കുമ്പോൾ ശ്രീമന്ദിരംശശികുമാർ അടക്കമുള്ളവർ വീട്ടിൽ ഉണ്ടായിരുന്നു. ഓടികൂടിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പൊലിസ് സ്ഥലത്തെത്തി അതിക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.