രാജാക്കാട്: മുംബെയിലെ സ്വകാര്യ ലോഡ്ജിൽ രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ശാന്തമ്പാറ റിജോഷ് വധക്കേസിലെ പ്രതി വാസിമിന്റെ അറസ്റ്റ് മുംബെയ് പൊലീസ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ വാസിമിനെ മുംബെയ് പൻവേൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നിലവിൽ പൻവേൽ സ്റ്റേഷനിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അടുത്ത ദിവസം കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പൻവേൽ സമീർ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. വാസീമിനൊപ്പം ആശുപത്രിയിൽ കഴിഞ്ഞിരുന്ന റിജോഷിന്റെ ഭാര്യ ലിജിയെ കഴിഞ്ഞ ആഴ്ച പൻവേൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. ധർഷാദ്ബാദ് ജയിലിൽ കഴിയുന്ന ലിജിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കുന്നതിന് പ്രൊഡക്ഷൻ വാറണ്ട് നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കുന്ന വാസിമിനു വേണ്ടിയും അടുത്തയാഴ്ച പ്രൊഡക്ഷൻ വാറണ്ട് നൽകും.