forest

മറയൂർ: കേരളത്തിലെ വനം വകുപ്പിന്റെ കീഴിൽ വനമേഖല സംരക്ഷിക്കുന്നതിന്റെ പ്രത്യേകതകൾ പഠിക്കുന്നതിനായി ആന്ധ്രാ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ സംഘം മറയൂരിലെത്തി. വിജിലൻസ് അഡീഷണൽ പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർ ആനന്ദ് കുമാർ ഝായുടെ നേതൃത്വത്തിലാണ് സംഘം മറയൂരിലെത്തിയിരിക്കുന്നത്.ചീഫ് കൺസെർവേറ്റർ രാജേന്ദ്ര പാണ്ഡെ, ഡോ.ശാന്തി പ്രിയ പാണ്ഡെ, ബി.എൻ.എൻ മൂർത്തി ,എ.സി.എഫ് എം.ഗുരുപ്രഭാകർ, റെയിഞ്ച് ഓഫീസർമാരായ പ്രസാദ് റോയി, ദത്തേത്രയാ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഹരീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.ഇന്ത്യയിൽ ഫോറസ്റ്റ് സ്റ്റേഷൻ സംവിധാനം കേരളത്തിൽ മാത്രമാണ്ുള്ളത്. കേരളത്തിൽ ചന്ദന കടത്ത് നടക്കുന്നതിന് തുല്യമാണ് ആന്ധ്രായിൽ രക്തചന്ദന കടത്ത് നടന്നു വരുന്നത്. കേരളത്തിൽ ചന്ദനം കടത്തു തടയുന്നതിന് വനം വകുപ്പ് എടുക്കുന്ന നടപടികൾ കാര്യക്ഷമമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംഘം ആ സംവിധാനം ആന്ധ്രായിൽ നടപ്പിലാക്കുന്നത് പഠിക്കുന്നതിനായി എത്തിയത്. കോന്നി, കോട്ടയം, പെരിയാർ മേഖലകൾ സന്ദർശിച്ച ശേഷമാണ് മറയൂർ മേഖലയിലെത്തിയത്. സംഘാംഗങ്ങൾ ഏറ്റവും കൂടുതൽ ചന്ദന മരങ്ങളുള്ള നാച്ചി വയൽ ചന്ദനക്കാടുകൾ സന്ദർശിച്ചു.മറയൂർ ചന്ദന ഡിപ്പോയുടെ പ്രവർത്തന രീതിയും കണ്ടു മനസ്സിലാക്കി. മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒ ബി.രഞ്ജിത്, റെയിഞ്ച് ഓഫീസർ അരുൺ മഹാരാജ എന്നിവർ സംഘത്തിന് ആവശ്യമായ സഹായങ്ങൾ നല്കി.
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ അതിർത്തികളിൽ നിരവധി അനധികൃത ചന്ദന ഫാക്ടറികൾ പ്രവർത്തിച്ചു വരുന്നതായി സംഘം പറഞ്ഞു. മലയാളികളുടെ നേതൃത്വത്തിലാണ് ഇവ പ്രവർത്തിച്ചു വരുന്നത്.ഇവയെ നിയന്ത്രിക്കുന്നതിന് വേണ്ട നടപടികളെക്കുറിച്ചും മനസ്സിലാക്കുന്നതിന് വേണ്ടിയാണ് സംഘം മറയൂരിലെത്തിയതെന്ന് മറയൂർ ഡി.എഫ്.ഒ ബി.രഞ്ജിത്ത് പറഞ്ഞു.