ഇടുക്കി : ജില്ലയുടെ സമഗ്രവികസനത്തിന് അടിസ്ഥാനമാകുന്ന ഉടുമ്പൻചോല ചിത്തിരപുരം റോഡിന്റെ നിർമാണോദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് ഉടുമ്പൻചോല ടൗണിൽ നടക്കുന്ന സമ്മേളനത്തിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. മന്ത്രി എം. എം മണി അദ്ധ്യക്ഷത വഹിക്കും. കുമളി മൂന്നാർ പാതയ്ക്ക് സമാന്തരമായാണ് ഈ റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. ഉടുമ്പൻചോലയിൽ തുടങ്ങി ചിത്തിരപുരം രണ്ടാം മൈലിൽ ദേശീയ പാതയോട് ഈ റോഡ് കൂടിച്ചേരും. ആറ് പഞ്ചായത്തുകൾക്ക് പ്രയോജനം ലഭിക്കും.
45.88 കിലോമീറ്റർ ദൈർഘ്യ മുള്ള റോഡിന് 154. 22 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു റോഡിന് ഇത്രയും തുക അനുവദിക്കുന്നത്. 5 പുതിയ പാലങ്ങളും ഈ റൂട്ടിൽ നിർമിക്കുന്നുണ്ട്. ഈ റോഡിന് പുറമേ ചെമ്മണ്ണാർ ഗ്യാപ്പ് റോഡിന് 120 കോടിയും മൈലാടുംപാറ കുത്തുങ്കൽ റോഡിന് 17 കോടിയും അനുവദിച്ച് കരാർ ആയിട്ടുണ്ട്. മൈലാടുംപാറ റോഡിൽ പണി തുടങ്ങി. ചെമ്മണ്ണാറിന്റെ ടെൻഡർ പരിശോധന നടക്കുന്നു. ഈ മൂന്നു റോഡുകളും ചേർത്ത് ഉടുമ്പൻചോല മണ്ഡലത്തിൽ 301 കോടി രൂപ വിനിയോഗിക്കുന്നു. എം പി, എംഎൽഎമാർ, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കും.