തൊടുപുഴ: നഗരത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ളം മുടങ്ങിയാൽ പിന്നെ നാട്ടുകാരുടെ ജീവിതം ദുരിതത്തിലാകും, അടിയന്തിര നടപടികളിലെ ഉദാസീനത ദിവസങ്ങളോളം കുടിവെള്ളം കിട്ടുന്നതിന തടസമാകുക പതിവാണ്.പമ്പിങ്ങിനുള്ള മോട്ടോറുകൾ കേടാവുകയോ റോഡിനടിയിലൂടെയുള്ള പൈപ്പുകൾ പൊട്ടുകയോ ചെയ്യുമ്പോഴാണ് പ്രധാനമായും നഗരത്തിൽ കുടിവെള്ളം മുടങ്ങുന്നത്. ചിലയവസരങ്ങളിൽ വൈദ്യുതി മുടക്കവും വില്ലനാകാറുണ്ട്. നഗര സഭയുടെ 35 വാർഡുകളിലായിട്ടുള്ള വീടുകളിലെയും രാവും പകലുമായി പ്രവർത്തിക്കുന്ന വാണിജ്യ - വ്യവസായ - ചെറുകിട കച്ചവട സ്ഥാപനങ്ങളിലെയും വിവിധ സർക്കാർ സ്ഥാപനങ്ങളിലെയും ഭൂരിഭാഗം ജനങ്ങളും വെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയെയാണ്. കുടിക്കുന്നതിന് വേണ്ടി മാത്രമല്ല ദൈനം ദിനമായ മറ്റാവശ്യങ്ങൾക്കുമെല്ലാം വാട്ടർ അതോറിറ്റിയാണ് ശരണം.

വാട്ടർ അതോറിറ്റിയുടെ തൊടുപുഴ ഓഫീസിന്റെ കീഴിൽ തന്നെ ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ പ്രവർത്തികളാണ് ചെയ്ത് വരുന്നത്. കോടികൾ ചിലവഴിക്കുന്നത് ചിലപ്പോൾ നിലവിലുള്ള പദ്ധതിയുടെ അറ്റകുറ്റ പ്രവർത്തികൾക്കാവും.മറ്റ് ചിലപ്പോൾ പുതിയതായി ആരംഭിക്കുന്ന പദ്ധതികൾക്കും ആകാം.എന്നാൽ വിവിധ കാരണങ്ങളാൽ പെട്ടന്ന് നഗരത്തിലെ കുടിവെള്ള വിതരണം സ്തംഭിച്ചാൽ ബദൽ സംവീധാനം ഒരുക്കാൻ വാട്ടർ അതോറിറ്റിക്ക് കഴിയുന്നില്ല.പ്രധാന മേഖലയിലെയോ ഉപ മേഖലകളിലെയോ പമ്പിങ്ങിനുള്ള മോട്ടോർ കേടാവുകയി പൈപ്പുകൾ പൊട്ടുകയോ ചെയ്താൽ മൂന്നും നാലും ദിവസങ്ങൾ കഴിഞ്ഞാവും അത് പുനഃസ്ഥാപിക്കുന്നത്. മുടങ്ങിയ വെള്ളം പുനസ്ഥാപിക്കുന്നത് വരെ വാട്ടർ അതോറിറ്റിയെ ആശ്രയിക്കുന്ന ഉപഭോക്താക്കൾ നെട്ടോട്ടം ഓടുന്ന അവസ്ഥയാണുള്ളത്. നഗരത്തിലെ വ്യാപാര മേഖലയിൽ വൻകിടക്കാരായ കച്ചവടക്കാരിൽ ചിലർ സ്വന്തമായി കിണറും കുഴൽ കിണറും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവരും വാട്ടർ അതോറിറ്റിയുടെ ഉപഭോക്താക്കളാണ്. വാട്ടർ അതോറിറ്റിയുടെ ജല വിതരണം പെട്ടന്ന് സ്തംഭിച്ചാൽ ദൈനം ദിന പ്രവർത്തികൾ ഏറ്റവും കൂടുതലായി താളം തെറ്റുന്നത് ചെറുകിട കച്ചവടക്കാരുടെയും ഗാർഹിക ഉപഭോക്താക്കളുടെയുമാണ്. ചെറുകിട ഹോട്ടൽ, ബേക്കറി, റസ്റ്റോറന്റ്, തട്ടുകടകൾ, കൂൾബാർ, കോൾഡ് സ്റ്റോറേജ് നടത്തിപ്പുകാർ അമിതമായി വില നൽകി വെള്ളം സ്വകാര്യ ഏജൻസികളിൽ നിന്ന് വാങ്ങിയാണ് കാര്യങ്ങൾ നടത്തുന്നതും.

മുടങ്ങിയത്

ദിവസങ്ങളോളം

കഴിഞ്ഞ തിങ്കളാഴ്ച്ച നഗരത്തിൽ കുടിവെള്ള വിതരണം സ്തംഭിച്ചിട്ട് പൂർണ്ണമായും പുനഃസ്ഥാപിച്ചത് ഇന്നലെ ഉച്ചയോടെയാണ്. ബുധനാഴ്ച്ച രാത്രി വൈകി ജല വിതരണം പുനഃസ്ഥാപിച്ചെന്നു വാട്ടർ അതോറിറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും നഗരത്തിന്റെ കുടി വെള്ള വിതരണം പടിഞ്ഞാറൻ മേഖലയിൽ പരിഹരിച്ചത് ഇന്നലെ ഉച്ചയോടെയാണ്. ശുചീകരണ പ്ലാന്റിലെ വാക്വം പമ്പ് തകരാറിൽ ആയതിനാലാണ് വിതരണം സ്തംഭിച്ചത്. ശുചീകരണ പ്ലാന്റിലെ വാക്വം പമ്പ് പ്രവർത്തന രഹിതമായി നഗരത്തിൽ ജലവിതരണം തിങ്കൾ രാത്രി മുതൽ വ്യാഴാഴ്ച്ച ഉച്ച വരെ മുടങ്ങിയിട്ടും പെട്ടന്നുള്ള നടപടികൾക്ക് അധികാരികൾക്ക് കഴിയുന്നില്ല. കോടികൾ ചിലവഴിച്ച് ഓരോ പ്രവർത്തികൾ ചെയ്യുമ്പോഴും എപ്പോഴും ആവശ്യമായി വരുന്ന വാക്വം പമ്പോ മറ്റ് മോട്ടോറുകളോ അനുബന്ധ ഉപകരണങ്ങളോ സജ്ജമാക്കാൻ വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥരോ വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളോ ശ്രമിക്കുന്നില്ല. നിസാരമായ ഫണ്ട് ചിലവഴിച്ചാൽ ഇതെല്ലാം സാദ്ധ്യമാകും എന്നിരിക്കെയാണ് ഇത്തരം കാര്യങ്ങളിൽ നിന്ന് ഉത്തരവാദിത്തപെട്ടവർ ഓടി ഒളിക്കുന്നത്.