കാഞ്ഞാർ: തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ കാഞ്ഞാർ വാഗമൺ ജംഗ്ഷന് സമീപം വെള്ളം ഒഴുകുന്നതിനായി കോൺക്രീറ്റ് ചെയ്ത ഭാഗത്ത് കെണിയായി വീണ്ടും കുഴി രൂപപ്പെട്ടു. നിരവധി തവണ ഈ ഭാഗത്ത് വാഹനങ്ങൾക്ക് ഭീഷണിയായി കുഴി രൂപപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വരികയും പ്രതിഷേധമുയരുകയും ചെയ്യുമ്പോൾ താത്കാലികമായി കുഴി അടയ്ക്കും. വീണ്ടും കുഴി രൂപപ്പെടും. ഇത് തന്നെയാണ് ഇവിടത്തെ അവസ്ഥ. തൊട്ടടുത്ത് എത്തിയാൽ മാത്രമാണ് ഡ്രൈവർമാർക്ക് ഈ കുഴി കാണാൻ സാധിക്കൂ. വേഗതയിൽ എത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങൾക്ക് വലിയ അപകട ഭീഷണിയാണ് ഈ കുഴി. എത്രയും വേഗം കുഴി നികത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.