തൊടുപുഴ: മലങ്കര എസ്റ്റേറ്റിൽ പൈനാപ്പിൾ തോട്ടത്തിൽ മരുന്നടിച്ചതിനെ തുടർന്ന് പരിസരവാസികൾക്ക് ദേഹാസ്വാസ്ഥ്യം. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ മുട്ടം പൊലീസ് കേസെടുത്തു. സ്വകാര്യ വ്യക്തി പട്ടത്തിനെടുത്ത മലങ്കര എസ്റ്റേറ്റിന്റെ ഭാഗത്ത് രൂക്ഷമായ ഗന്ധമുള്ള മരുന്നടിച്ചതിനെ തുടർന്ന് ബുധനാഴ്ച രാത്രിയോടെ 4 സ്ത്രീകൾ ഉൾപ്പെടെ അഞ്ച് ആളുകൾക്ക് തല കറക്കവും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. തീരെ അവശരായ ഇവരെ നാട്ടുകാരുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ഇവർ വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്. തൊടുപുഴ പൊലീസാണ് മൊഴി രേഖപ്പെടുത്തിയതെങ്കിലും പ്രദേശം മുട്ടം പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. വ്യാഴാഴ്ച മുട്ടം പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇതേ സ്ഥലത്ത് തൊഴിലാളികൾ വീണ്ടും മോട്ടോർ ഉപയോഗിച്ച് മരുന്ന് തെളിക്കുന്നതായി ശ്രദ്ധയിൽെപട്ടു. ഇതേ തുടർന്ന് ജോലികൾ നിർത്തിവെക്കാൻ പൊലീസ് തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് വ്യാഴാഴ്ച മരുന്ന് തെളിക്കാൻ എത്തിയത്. സംഭവത്തിൽ കേസെടുത്തതായി മുട്ടം എസ്.ഐ ബൈജു പി. ബാബു പറഞ്ഞു.