കട്ടപ്പന : മദ്യവിപത്തിനെതിരെ ബോധവൽക്കരണവുമായി സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് മദ്യവിൽപ്പന കേന്ദ്രത്തിലെത്തി. വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസിലെ കുട്ടികളാണ് കട്ടപ്പനയിലെ സർക്കാരിന്റെ മദ്യവിൽപ്പന ശാലയിൽ ലഘുലേഖകളുമായി എത്തിയത്. മദ്യം വാങ്ങാനെത്തിയവർക്കും വാങ്ങി കൊടുക്കാനെത്തിയ ഡ്രൈവർമാർക്കും ലഘുലേഖകൾ നൽകി. മദ്യം വാങ്ങുന്നവർക്ക് നൽകാൻ ലഘുലേഖകൾ മദ്യവിൽപ്പന ശാലയിലെ ജീവനക്കാരെ ഏൽപ്പിച്ചു. മദ്യത്തിന്റെ ഉപയോഗം മൂലം ആരോഗ്യപരമായും സാമ്പത്തീകമായും കുടുംബത്തിനും സമൂഹത്തിനും സംഭവിക്കുന്ന പ്രശ്നങ്ങളാണ് ഇതിൽ സൂചിപ്പിച്ചിരിക്കുന്നത്. ലഘുലേഖ വിതരണത്തിന് മുൻപ് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൾ ജബ്ബാർ ലഹരി ഉപയോഗം മൂലം സമൂഹത്തിലുണ്ടാകുന്ന വിപത്തിനെതിരെ ക്ലാസ് എടുത്തിരുന്നു. പ്രിൻസിപ്പാൾ ജിജി ജോർജ്ജ്, സ്‌കൗട്ട് മാസ്റ്റർ റെനീഷ് തോമസ്, ഗൈഡ് ക്യാപ്റ്റൻ സീന എം.സി, മനോജ് സെബാസ്റ്റ്യൻ, അലൻ ജോസ്, ഡെൽന മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.