തൊടുപുഴ : നായ്ക്കളെ വന്ധകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായുള്ള പദ്ധതിയുടെ ഉദ്ഘാടനം മുൻസിപ്പൽ ഓഫീസ് അങ്കണത്തിൽ ചെയർപേഴ്‌സൺ പ്രൊഫ. ജെസ്സി ആന്റണി നിർവഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ എം കെ ഷാഹുൽ ഹമീദ്, ജില്ലാ മൃഗസംരക്ഷണ കേന്ദ്രം ചീഫ് വെറ്റിനറി ഓഫീസർ ഡോ ജിജിമോൻ ജോസഫ്, മുൻസിപ്പൽ കൗൺസിലോർമാരായ ടി കെ സുധാകരൻ നായർ, കെ എം ഷാജഹാൻ, പി എ ഷാഹുൽ ഹമീദ്, ജില്ല മൃഗസംരക്ഷണ കേന്ദ്രം സീനിയർ വെറ്റിനറി സർജൻ ഡോ ജെയ്‌സൺ ജോർജ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ജോസ് സ്റ്റീഫൻ എന്നിവർ സന്നിഹിതരായിരുന്നു. പദ്ധതിക്കുവേണ്ടി ഈ വർഷം അഞ്ച് ലക്ഷം രൂപയാണ് മുൻസിപ്പാലിറ്റി അനുവദിച്ചിട്ടുള്ളത്. ഇത്രയും തുക കൊണ്ട് 238 നായ്ക്കളെയാണ് വന്ധീകരിക്കുവാൻ കഴിയുക. ഒരു നായയെ വന്ധികരിക്കുന്നതിന് 2100 രൂപയാണ് ചെലവ് വരുക. ആരംഭത്തിലെ സ്‌കൂളുകൾക്ക് ചുറ്റുമുള്ള തെരുവ് നായ്ക്കളെയാണ് ഈ പദ്ധതിയിൽ പെടുത്തി വന്ധീകരിക്കുക. കുടുംബശ്രീയുടെ പുരുഷ കൂട്ടായ്മയായ യുവശ്രീ ദയാ യൂണിറ്റിലെ അംഗങ്ങളെയാണ് നായ്ക്കളെ പിടിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ജില്ലാ കുടുംബശ്രീ മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. പിടികൂടുന്ന നായ്ക്കൾക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പും വിരമരുന്നും നൽകും. നായ്ക്കളെ വന്ധീകരണത്തിന് ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു കൊണ്ടുപോയി വിടുകയും ചെയ്യും.