കുമളി : ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് ജില്ലയിൽ കുമളി ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു.. മൂന്ന് ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്.
പെരിയാർ വന്യജീവി സങ്കേതവും തേക്കടിയുമൊക്കെ ഉൾപ്പെടുന്ന കുമളി ഗ്രാമപ്പഞ്ചായത്തിന്റെ മാലിന്യ പരിപാലനത്തിലെ മികവ് വളരെ ചിട്ടയോടെയായിരുന്നു.സമഗ്ര മാലിന്യ പരിപാലനം സാദ്ധ്യമാക്കി പഞ്ചായത്ത് മുന്നേറി.പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ പ്രയത്നത്തിന് ലഭിച്ച അംഗീകാരമാണ് ഈ ഹരിത പുരസ്‌കാരം.ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന സമഗ്ര ശുചിത്വ മാലിന്യ പരിപാലന ഘടകങ്ങളെല്ലാം ഫലപ്രദമായി സമന്വയിപ്പിച്ചുകൊണ്ടാണ് കുമളി ഈ നേട്ടമുണ്ടാക്കിയത്.
കുമളിയിൽ ദശലക്ഷക്കണക്കിനും തീർഥാടകരും വിനോദ സഞ്ചാരികളുമൊക്കെയായി പ്രതിദിനം ഉത്പ്പാദിപ്പിക്കുന്നത് 4000 കിലോ ജൈവമാലിന്യവും 1000കിലോ അജൈവ മാലിന്യവുമാണ്.ഈ കൂറ്റൻ മാലിന്യക്കൂമ്പാരത്തെയാണ് സമഗ്രമായ പരിപാലന തന്ത്രങ്ങളിലൂടെ കുമളി സുരക്ഷിതമായി മാറ്റിയെടുത്തത്.
മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്തിന്റെ കീഴിൽ പ്രസിഡന്റ് ചെയർമാനും സെക്രട്ടറി കൺവീനറുമായി ഒരു സൊസൈറ്റി രൂപീകരിച്ചുകൊണ്ടായിരുന്നു പ്രവർത്തനം തുടങ്ങിയത്.ജൈവ മാലിന്യങ്ങൾ സംസ്‌കരിച്ച് വെർമി കമ്പോസ്റ്റ്,ജൈവ കമ്പോസ്റ്റ്, എന്നിവയാക്കുന്നതിന് പ്ലാന്റ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി. അജൈവ വസ്തുക്കളിൽ നിന്നും പ്ലാസ്റ്റിക്ക് തരംതിരിച്ച് റീസൈക്കിൾ ചെയ്ത് ഗ്രാന്യൂൾസും മറ്റുമുണ്ടാക്കി. ഷ്രെഡ് ചെയ്ത് പ്ലാസ്റ്റിക്ക് റോഡ് ടാറിംഗിനും നൽകുന്നതിനും യൂണിറ്റുകൾ ഉണ്ടായി.
ഈ വർഷം 10000കിലോ ജൈവ വളമാണ് അധികമായി ഉൽപ്പാദിപ്പിച്ചത്.കിലോയ്ക്ക് 12 രൂപ നിരക്കിലാണ് ഇത് വിൽക്കുന്നത്.4000 കിലോ ഷ്രെഡഡ് പ്ലാസ്റ്റിക് ഈ വർഷം വിറ്റു.
.സൈസൈറ്റിയ്ക്കു വേണ്ടി 23 പേരാണ് മാലിന്യം നീക്കം ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്നത്. ഇവർ ടൗൺ വാർഡുകളുടെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. പഞ്ചായത്ത് ഗ്രീൻ ആർമി എന്ന പേരിൽ മറ്റ് വാർഡുകളിലും ഹരിത കർമ്മ സേന രൂപീകരിച്ചു.ആർമിയിൽ 20 അംഗങ്ങളാണുള്ളത്. ഈ അംഗങ്ങൾക്ക് പ്രതിമാസം 6000 രൂപ വരെ വരുമാനം ലഭിക്കുന്നു. പാഴ് വസ്തുക്കൾ തരം തിരിച്ച് ആക്രിവ്യാപാരികൾക്ക് നൽകിയതിലൂടെ ഈ വർഷം 65000 രൂപ ഇവർക്ക് ലഭിച്ചു.ഒരു സെൽഫ് എന്റർപ്രൈസസ് എന്ന നിലയിലേയ്ക്ക് വളരുകയാണ് ഇവിടെ ഹരിതകർമ്മ സേന.സേനയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിന് പഞ്ചായത്ത് ബസ് സ്റ്റാന്റിൽ ഒരു സ്വാപ് ഷോപ്പും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ പേപ്പർ കവറുകളും തുണിസഞ്ചികളും നിർമ്മിച്ചു നൽകുന്നു. പുനചംക്രമണം ചെയ്ത പ്ലാസ്റ്റിക്കുപയോഗിച്ച് ചെടിച്ചട്ടികൾ നിർമ്മിക്കുന്ന പ്രോജക്ടിനും അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഹരിത സഹായ സ്ഥാപനമായ നിറവും കൂട്ടുചേർന്നാണ് ഇവിടെ മാലിന്യപരിപാലനം ഇന്നു കാണുന്ന തരത്തിലേയ്ക്ക് ആവിഷ്‌കരിച്ചത്.വിവിധ വിഭാഗങ്ങളിൽപ്പെട്ടവരെ ബോധവൽക്കരണത്തിലൂടെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു. ഇതിനായി വ്യാപാര സ്ഥാപനങ്ങൾ, സ്‌കൂളുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, അയൽസഭകൾ, വാർഡ് വികസന സമിതികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് 150ൽ അധികം പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.

ചെടിച്ചട്ടി നിർമ്മാണ യൂണിറ്റ്


കുമളി പഞ്ചായത്തിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് പ്ലാസ്റ്റിക് ചെടിച്ചട്ടികളുടെ നിർമ്മാണം.ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച ഈ സംരംഭത്തിന് നാല് ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിനു സമീപമാണ് പുതിയ സംവിധാനവും പ്ലാൻ ചെയ്തിരിക്കുന്നത്. പുനചംക്രമണം ചെയ്ത് ഗ്രോ ബാഗിന് പകരം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ചെടിച്ചട്ടികളുണ്ടാക്കുന്നതാണ് പ്രോജക്ട്.