കൂവക്കണ്ടം: ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് കൂവക്കണ്ടത്ത് മൂന്ന് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. കരിങ്ങോട്ടുകുഴിയിൽ അലോഷ്യസിന്റെ വീടിന്റെ മുകളിലേയ്ക്ക് പ്ലാവ് വീണ് വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. മടത്തിക്കുഴിയിൽ ഡൊമനിക് തോമസിന്റെ വീടിന്റെ മുറ്റത്തുനിന്ന തെങ്ങും മരവും വീണ് മതിലും ശുചിമുറിയും പൂർണ്ണമായും നശിച്ചു. വീടിന്റെ മുറ്റത്തുനിന്നിരുന്ന വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടിയുടെ വീടിന്റെ പിൻഭാഗത്തേയ്ക്ക് മരുത് വീണ് അടുക്കള പൂർണ്ണമായും നശിച്ചു. വൈദ്യുതി ലൈനിൽ മരം വീണ് ഈഭാഗത്ത് മണിക്കൂറുകളോളം നേരം വൈദ്യുതി പൂർണ്ണമായും മുടങ്ങി. നാട്ടുകാരായ ആളുകളുടെ നേതൃത്വത്തിൽ മരക്കൊമ്പുകളും മറ്റും പിന്നീട് വെട്ടി മാറ്റി.ഇന്നലെ രാവിലെ ഈ പ്രദേശത്ത് അപ്രതീക്ഷിതമായിട്ടാണ് ശക്തമായ കാറ്റ് വീശിയത്.