നെടുങ്കണ്ടം: ആർദ്രം ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ നിർവഹിച്ചു. പരിപാടിക്ക് മുന്നോടിയായി കൂട്ടയോട്ടവും സംഘടിപ്പിച്ചു. നെടുങ്കണ്ടം ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച കൂട്ടയോട്ടം കിഴക്കേ കവലയിൽ സമാപിച്ചു. നഴ്സിംഗ് വിദ്യാർത്ഥികൾ, ആശ പ്രവർത്തകർ, ആരോഗ്യ വകുപ്പ് ജീവനക്കാരുമടക്കം നിരവധി പേർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. ആർദ്രം മിഷൻ ലോഗോ ഡിസൈനിംഗ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥിൾക്കുള്ള സമ്മാന വിതരണവും നടത്തി. ജീവിതശൈലി രോഗങ്ങളും, പുതുതായി എത്തുന്ന പകർച്ചവ്യാധികളും നിയന്ത്രണ വിധേയമായിരുന്ന പല രോഗങ്ങളും വീണ്ടും എത്തുന്ന സാഹചര്യത്തിൽ സമഗ്രമായ പ്രതിരോധം, ആരോഗ്യ വർധക രോഗ ചികിത്സ, സ്വാന്തന പരിചരണം എന്നിവ ലക്ഷ്യം വച്ച് ഭക്ഷ്യസുരക്ഷ വിഭാഗം, മരുന്ന് പരിശോധന വിഭാഗം, എൻ.ജി.ഒ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്.