selvaraj

മറയൂർ: പാമ്പാറ്റിൽ കാണാതായ കാന്തല്ലൂർ ഇടക്കടവ് ശെൽവരാജ് (പരമൻ-44) ന്റെ മൃതദേഹം കണ്ടെടുത്തു. ഇടക്കടവ് ആനക്കയത്തിന് താഴെ പാമ്പാറ്റിലൂടെ ഒഴുകി പോകുന്ന മൃതദേഹം ഇടക്കടവ് ഗ്രാമവാസികളാണ് വെള്ളിയാഴ്ച കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ശെൽവരാജിനെ കാണാതായത്. തടി അറുപ്പ് തൊഴിലാളിയാണ്. ഒന്നര വർഷമായി അസുഖം മൂലം ശരീരത്തിന്റെ ഒരു വശം തളർന്നും സംസാരശേഷി നഷ്ടപ്പെട്ടും വീട്ടിൽ തന്നെ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അങ്കണവാടി ടീച്ചറായ ഭാര്യ മൂന്നാറിൽ പരിശീലന ക്ലാസ്സിൽ പങ്കെടുക്കാൻ പോയിരുന്നു. ഇളയ മകൾ അക്ഷയ വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിൽ വന്നപ്പോൾ ശെൽവരാജിനെ വീട്ടിൽ കണ്ടില്ല.പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. പാമ്പാറ്റിൽ മീൻ പിടിക്കുവാൻ പോയ പൊങ്ങുംപിള്ളി ഗോത്രവർഗ്ഗ കോളനിയിലെ ആളുകൾ ഇടക്കടവ് ഫാത്തിമ കോവിൽ സമീപമുള്ള ചെക്ക്ഡാമിൽ ശെൽവരാജ് നിൽക്കുന്നത് കണ്ടിരുന്നു. ഇവിടെ പരിശോധന നടത്തിയപ്പോഴാണ് ശെൽവരാജ് ഉപയോഗിച്ചിരുന്ന ഊന്നുവടി കണ്ടെത്തിയത്. അന്നു മുതൽ ശക്തമായ നീരൊഴുക്കുള്ള പാമ്പാറ്റിൽ പരിശോധന വരികയായിരുന്നു. മറയൂർ സി. ഐ വി.ആർ.ജഗദീഷ്, എസ്.ഐ.ജി.അജയകുമാർ, അഡീഷണൽ എസ്.ഐ.മജീദ് എന്നിവരുടെ നേതൃത്വത്തിലും മൂന്നാറിൽ നിന്നുമെത്തിയ ഫയർഫോഴ്സ്സ് ജീവനക്കാരും പാമ്പാറ്റിൽ തിരക്കി വരികയായിരുന്നു. മൃതദേഹം മറയൂർ എസ്.ഐ.ജി.അജയകുമാറിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. പിതാവ്: ജേക്കബ്. മാതാവ് : പാർവ്വതി. ഭാര്യ :ജയ റാണി. മക്കൾ :അഖിൽ, അഹല്യ, അക്ഷയ. സഹോദരങ്ങൾ. മുനിയാണ്ടി, മുത്തുക്കുട്ടി, രാജൻ, യശോദ ചെല്ല ദ്വരൈ.