ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ കീപ് നേച്ചർ പ്ലാസ്റ്റിക് ഫ്രീ എന്ന പദ്ധതിയുമായി നങ്കിസിറ്റി എസ്.എൻ യു.പി സ്‌കൂൾ വിദ്യാർത്ഥികൾ. പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ടൗണിൽ സംഘടിപ്പിച്ച പരിപാടി പ്ലാസ്റ്റിക് വിരുദ്ധ റാലിയോടെയാരംഭിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണം എന്ന ആശയം ലക്ഷ്യമിട്ടുകൊണ്ടുള്ള ഫ്ളാഷ് മോബ് ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ നടത്തി. ഇതിനോടൊപ്പം ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ കെ.വി. ജോയ്, വി.എസ്. അവിൻ, കെ.എ. ഷിംജു എന്നിവരുടെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ടയാൾക്ക് നൽകേണ്ട രക്ഷാമാർഗങ്ങളും അഗ്നി ബാധയിൽ നിന്ന് രക്ഷനേടാനുള്ള മാർഗനിർദ്ദേശങ്ങളും നൽകി. തുടർന്ന് സ്‌കൂളിലെ കുട്ടികൾ നിർമ്മിച്ച സീഡ് പേനകൾ ജനങ്ങളിൽ എത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ, വാർഡ് മെമ്പർ പുഷ്പ ഗോപി, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് ശിവദാസ് പാലയ്ക്കാകുഴിയിൽ, സെക്രട്ടറി വിജയൻ പാലക്കാട്ട്, പ്രധാന അധ്യാപകൻ രതീഷ് കെ.ആർ, പി.ടി.എ പ്രസിഡന്റ് ഷിജു കള്ളുകാട്ട് എന്നിവർ പങ്കെടുത്തു.