തൊടുപുഴ: കാഡ‍്സിന്റെ നേതൃത്വത്തിൽ 75,​000 വീടുകളിൽ സമഗ്ര കാർഷിക സാമ്പത്തിക സർവേ നടത്തുമെന്ന് കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 19 പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലുമാണ് സർവേ നടത്തുന്നത്. ന്യൂമാൻ കോളജിലെ എൻ.സി.സി- എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന സർവേ ആറുമാസത്തിനകം പൂർത്തിയാക്കും. പ്രാഥമീക വിവരശേഖരണവും പഴം, പച്ചക്കറി, ഇറച്ചി, മീൻ, മുട്ട എന്നിവയിലുള്ള സ്വയം പര്യാപ്തതയും സംബന്ധിച്ച ചോദ്യാവലി ഉപയോഗിച്ചാണ് സർവേ. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിൽ ഏർപ്പെട്ടിട്ടുള്ള കർഷകരുടെ ഉത്പന്നങ്ങളുടെ അളവ്, വിപണനം സംബന്ധിച്ച വിവിരശേഖരണവും നടത്തും. കൃഷിഭൂമിയുടെ അളവ്, ജലസേചന സൗകര്യങ്ങൾ, തൊഴിലാളികളുടെ ലഭ്യത എന്നിവ ഉൾപ്പെടുത്തും. നാലുഘട്ടങ്ങളിലായി നടത്തുന്ന സർവേയുടെ ആദ്യഘട്ടം ഒമ്പത് മുതൽ 15 വരെ നടക്കും. ആദ്യഘട്ടത്തിൽ കരിമണ്ണൂർ, ആലക്കോട്, ഇടവെട്ടി, കുമാരമംഗലം, പുറപ്പുഴ പഞ്ചായത്തുകൾ ഉൾപ്പെടും. 2020 മേയിൽ സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കും. തൊടുപുഴയിൽ ആരംഭിക്കുന്ന വില്ലേജ് സ്ക്വയറിന്റെ വിപണന സർവേയുടെ രൂപരേഖ തയ്യാറാക്കുന്നത് ഈ സർവ്വേയുടെ അടിസ്ഥാനത്തിലാണ്. 200 ക്ലസ്റ്ററുകളും 200 വാരാന്ത്യ അന്തിചന്തകളും ആരംഭിക്കും. സർവേയുടെ ഉദ്ഘാടനം നാളെ രാവിലെ 7.30ന് ന്യൂമാൻ കോളജിന് സമീപം മ്യാലിൽ എം.കെ. വിശ്വംഭരന്റെ വീട്ടിൽ എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് നിർവഹിക്കും. കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷനാകും. പ‍ഞ്ചായത്ത് പ്രസിഡന്റുമാരായ ടോമി കാവാലം, ലത്തീഫ് മുഹമ്മദ്, ദേവസ്യ ദേവസ്യ, ലിന്റ സിബിൻ, ഏലിക്കുട്ടി മാണി എന്നിവർ മുഖ്യാതിഥികളാകും. ന്യൂമാൻ കോളേജ് എൻ.സി.സി ഓഫീസർ ലഫ്. പ്രജീഷ് മാത്യു, ഡോ. കെ.ജെ. കുര്യൻ, ജേക്കബ് മാത്യു എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. തോംസൺ ജോസഫ്, ലഫ്. പ്രജീഷ് മാത്യു, ഫാ. പോൾ കാരക്കൊമ്പിൽ, സി.ഇ.ഒ പ്രൊ. ഡോ. കെ.ജെ. കുര്യൻ എന്നിവർ പങ്കെടുത്തു.