തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹഭരണത്തിനെതിരെ 11ന് രാവിലെ 10 ന് ബഹുജന മാർച്ചും ധർണ്ണയും നടത്തുമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിനേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ ഭരണസമതി തയ്യാറാകുന്നില്ലെന്നും സർക്കാർ ഫണ്ടും മറ്റ് ഏജൻസികളിൽ നിന്ന് ലഭിക്കുന്ന ഫണ്ടും വിനിയോഗിക്കാതെ ലാപ്സാക്കി കളയുകയാണെന്നും നേതാക്കൾ പറഞ്ഞു. വേൾഡ് ബാങ്കിൽ നിന്ന് ലഭിച്ച 64 ലക്ഷം രൂപയും ആശുപത്രിയുടെ വികസനത്തിന് ലഭിച്ച ഒരു കോടി രൂപയും ഭരണത്തിലെ പോരായ്മകൾ കാരണം ലാപ്സായി. വണ്ണപ്പുറം പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള നടപടികളിൽ നിന്ന് ഭരണ നേതൃത്വം ഒഴിഞ്ഞുമാറുകയാണ്. ലൈഫ് ഭവന പദ്ധതിയും ഹരിതസേന പദ്ധതിയുടെ പ്രവർത്തനവും പഞ്ചായത്തിൽ നടപ്പിലാക്കിയില്ല. കോട്ടപ്പാറ, മീനുളിയാൻപാറ, തൊമ്മൻകുത്ത്, ആനയടിക്കുത്ത്, കാറ്റാടിക്കടവ് തുടങ്ങിയ സ്ഥലങ്ങൾ ടൂറിസം വികസനത്തിനായി വേണ്ടവിധം പ്രയോജനപ്പെടുത്താത്തത് ഭരണസമതിയുടെ പിടിപ്പുകേടാണെന്നും നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ് പഞ്ചായത്ത്‌ കമ്മിറ്റി കൺവീനർ കെ.എം. സോമൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ബിനോയി, എ.ജെ. ജോസ്, കെ.ജി. വിനോദ്, കെ.എം.എ കരീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.