മുട്ടം: കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ലഘൂകരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കി മുട്ടം പഞ്ചായത്ത്. തൃശൂർ കിലയിൽ ഇതുസംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കുന്ന ജില്ലയിൽ നിന്നുള്ള ഏക പഞ്ചായത്തായി മുട്ടം. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യം എന്നീ വിഷയങ്ങളിൽ പഞ്ചായത്ത് തലത്തിൽ വിദഗ്ദ്ധ സംഘത്തെ തിരഞ്ഞെടുത്ത് മൂന്ന് ഘട്ടങ്ങളിലായി നൽകിയ പരിശീലനത്തിലൂടെയാണ് ആഘാത ലഘൂകരണ പദ്ധതികൾക്ക് മുട്ടം പഞ്ചായത്ത് രൂപം നൽകിയത്. വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ആറ് മാസങ്ങൾ നീണ്ടു നിന്ന ഫീൽഡ് സർവേ, പഞ്ചായത്ത് പ്രദേശത്തുള്ളവരുമായി ആശയ വിനിമയം, സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവരുടെ സേവനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് പഞ്ചായത്ത് കർമ്മ പദ്ധതി തയ്യാറാക്കിയത്. മുട്ടം പഞ്ചായത്തിൽ നാലുപേരടങ്ങുന്ന ടീമീനാണ് പരിശീലനം ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗം സുമോൾ ജോയ്സൻ, ബി.എം.സി കൺവീനർ ജോണി ചന്ദ്രൻകുന്നേൽ, ബി.എം.സി മെമ്പർ ബിൻസ് വട്ടപ്പലം എന്നിവരാണ് കിലയിൽ സംഘടിപ്പിച്ച അന്തിമ കർമ്മ പദ്ധതി തയ്യാറാക്കൽ ശില്പശാലയിൽ പങ്കെടുത്തത്. മുട്ടം, പെരുമ്പളം, കരിമ്പ, അരൂക്കുറ്റി, മുപ്പെയ്നാട്, മാവൂർ, കുത്തന്നൂർ, വെള്ളിനേഴി, നെടുമ്പന, നല്ലേപ്പള്ളി എന്നിങ്ങനെ സംസ്ഥാനത്തെ പത്ത് പഞ്ചായത്തുകളാണ് കാലാവസ്ഥ വ്യതിയാനം നേരിടാൻ പ്രാദേശികതലത്തിൽ കർമ്മ പദ്ധതിക്ക് രൂപം നൽകി കിലയിൽ പ്രബന്ധം അവതരിപ്പിച്ചത്.
"ജില്ലയിലെ മറ്റ് പഞ്ചായത്തുകൾക്കും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണം ഉണ്ടായിരുന്നെങ്കിലും കില നിർദ്ദേശിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പൂർത്തീകരിച്ചത് മുട്ടം പഞ്ചായത്ത് മാത്രമാണ് അതുകൊണ്ടാണ് കേന്ദ്ര സംഘത്തിന്റെ മുന്നിൽ പ്രബന്ധം അവതരിപ്പിക്കാൻ സാധിച്ചത്."
-കുട്ടിയമ്മ മൈക്കിൾ (മുട്ടം പഞ്ചായത്ത് പ്രസിഡന്റ്)