തൊടുപുഴ: സമ്പൂർണ മാലിന്യ മുക്ത നഗരം എന്ന ലക്ഷ്യം കൈവരിക്കാൻ നടപടികളുമായി തൊടുപുഴ നഗരസഭ. നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്ന് ഉപയോഗ ശൂന്യമായ വസ്തുക്കൾ ശേഖരിക്കുന്ന നടപടികൾക്ക് ഉടൻ തുടക്കമാകുമെന്ന് നഗരസഭ ചെയർപേഴ്‌സൺ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഉപയോഗ ശൂന്യമായ കുപ്പിച്ചില്ല്, പൊട്ടിയ ചില്ല്, ചില്ല് കുപ്പി, സി.എഫ്.എൽ ബൾബ്, ട്യൂബ് ലൈറ്റുകൾ എന്നിവ ശേഖരിക്കുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്. ഓരോ വാർഡിലും അഞ്ച് പോയിന്റുകളെങ്കിലും ഇത്തരം വസ്തുക്കൾ ശേഖരിക്കുന്നതിനായി കണ്ടെത്തും. ഉപയോഗ ശൂന്യമായ ചില്ല് കുപ്പികൾ, ഗ്ലാസ് ചില്ലുകൾ, കുപ്പിച്ചില്ലുകൾ എന്നിവ പ്രത്യേകമായും സി.എഫ്.എൽ ബൾബുകൾ ട്യൂബ് ലൈറ്റുകൾ എന്നിവ പൊട്ടാതെ വെറെയും നൽകണം. ക്രോക്കറി, പിക്ചർ ടൂബുകൾ, ക്ലോസറ്റ്, വാഷ് ബേസിൻ, പൊട്ടിയ പ്ലേറ്റുകൾ എന്നിവ എടുക്കില്ല. നഗരസഭ 31-ാം വാർഡിൽ പി.എം.എ.വൈ പദ്ധതി പ്രകാരം 28 പേർക്ക് ഭവന നിർമാണത്തിനുള്ള അനുമതി ലഭിച്ചെങ്കിലും തുടർ നടപടികളുണ്ടാകാത്ത കാര്യം കൗൺസിലർ പി.വി. ഷിബു ഉന്നയിച്ചു. ഒരു മണിക്കൂർ നീണ്ട ചർച്ച നടത്തിയെങ്കിലും സെക്രട്ടറിയടക്കമുള്ളവർ നില നിൽക്കുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതോടെ വിശദമായ ചർച്ചയ്ക്ക് വേണ്ടി മാറ്റിവെച്ചു.
ഹരിതഭവനത്തിന് പതിനായിരം
നഗരസഭയിലെ 16-ാം വാർഡിലെ കൊച്ചു കല്ലോലിക്കൽ അനുപ്രിയയുടെ പി.എം.എ.വൈ ഭവനത്തെ ഹരിത ഭവനമായി തിരഞ്ഞെടുത്തു. എ.ഡി.എസ് തലത്തിൽ അപേക്ഷ സ്വീകരിച്ച് പരിശോധിച്ച് നൽകിയ 11 ഗുണഭോക്താക്കളിൽ നിന്ന് നഗരസഭ ജൂറി അംഗങ്ങളാണ് ഹരിതഭവനം തിരഞ്ഞെടുത്തത്. അനുപ്രിയയ്ക്ക് 10,000 രൂപയും പ്രശസ്തി പത്രവും നൽകി ആദരിക്കുമെന്ന് കൗൺസിലിൽ നഗരസഭ ചെയർപേഴ്‌സൺ അറിയിച്ചു.