വണ്ടിപ്പെരിയാർ: അമ്മയുടെ കൺമുന്നിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് മറിഞ്ഞുവീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം. വണ്ടിപ്പെരിയാർ ഗാന്ധി നഗറിൽ തമിഴ് സെൽവൻ- മുത്തു ലക്ഷ്മി ദമ്പതികളുടെ മകൻ അമനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീൽ ഘടിപ്പിച്ച ഗേറ്റിൽ കുട്ടി തൂങ്ങിക്കളിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം. തൂങ്ങിയാടുന്നതിനിടെ വീൽ തെന്നിമാറി ഗേറ്റ് അമന്റെ ദേഹത്ത് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരിയാർ സെന്റ് ജോസഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ് തമിഴ് സെൽവൻ സൈനികനാണ്. രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് അസാമിലെ ക്യാമ്പിലേക്കു മടങ്ങിയത്. മാതാവ് മുത്തു ലക്ഷ്മി ഗ്രാമ്പി ഗവ. എൽ.പി സ്കൂളിലെ അദ്ധ്യാപികയാണ്. സഹോദരൻ അമിത്കുമാർ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മൗണ്ട് പൊതുശ്മശാനത്തിൽ നടക്കും.