തൊടുപുഴ: 14 വയസുള്ള സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൈനർ ഇറിഗേഷൻ ഓവർസിയർക്ക് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം നെയ്യാറ്റിൻകര ഹരിഭവനിൽ ഹരീഷിനെയാണ് (40) ശിക്ഷിച്ചത്. തൊടുപുഴ ഒന്നാം അഡീഷണൽ സെക്ഷൻസ് ജഡ്ജി കെ. അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ കുറ്റത്തിന് അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും കൂടിയുണ്ട്. പിഴതുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണം. 2009 ൽ പ്രതി വണ്ടന്മേട് മൈനർ ഇറിഗേഷൻ സെക്ഷനിൽ ഓവർസിയറായി ജോലി ചെയ്യുമ്പോഴാണ് സംഭവം. ആദ്യം പെൺകുട്ടിയുടെ മാതൃസഹോദരനുമായി പ്രതി ബന്ധം സ്ഥാപിച്ചു.
ഇതുവഴി കഞ്ഞിക്കുഴി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി പരിചയത്തിലായി. പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് കിട്ടുന്നതിന് പ്രാർത്ഥനയ്ക്ക് കൊണ്ടുപോകാമെന്ന വ്യാജേന പെൺകുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് 45 ദിവസത്തോളം ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കേസ്. കഞ്ഞിക്കുഴി പൊലീസ് ഇൻസ്പെക്ടർ മോഹൻദാസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഗത്യന്തരമില്ലാതെ പ്രതി തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ പെൺകുട്ടിയെ ഹാജരാക്കുകയായിരുന്നു. ഇതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോടതി വളപ്പിൽ വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിശദമായ അന്വേഷണത്തിന് ശേഷം തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെ കുറ്റപത്രം ഹാജരാക്കി. തുടർന്ന് സാക്ഷിവിചാരണയ്ക്കും വാദങ്ങൾക്കും ശേഷമാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടറായ അഡ്വ. കെ.വി. മാത്യു ഹാജരായി.