വെള്ളിയാമറ്റം: വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്റെ ഭർതൃമാതാവ് ശ്രീ മന്ദിരത്തിൽ രാജമ്മ (86) മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് ഇളംദേശത്തുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സ്വത്ത് സംബന്ധമായ തർക്കം നിലനിന്നിരുന്നെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. മൂന്ന് വർഷം മുമ്പ് രാജമ്മ പൂമാലയിലായിരുന്നു താമസിച്ചിരുന്നത്. അവിടുത്തെ സ്ഥലം വിറ്റതിന് ശേഷമാണ് ഇളംദേശത്തേക്ക് വന്നത്. 86 വയസായാലും ശാരീരിക അസ്വസ്ഥതകൾ ഇവരെ അലട്ടിയിരുന്നില്ല. ഇവരുടേതെന്ന് സംശയിക്കുന്ന ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ഇതിൽ മാനസിക പീഡനത്തിന് ഇരയായതായി സൂചനയുണ്ടെന്ന് കാഞ്ഞാർ സി.ഐ പറഞ്ഞു. അത്മഹത്യാ കുറിപ്പ് രാജമ്മ തന്നെ എഴുതിയതാണോ എന്ന് കൂടുതൽ അന്വേഷണം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് സംസ്കരിച്ചു.